Sports

Commonwealth Games 2022 ശ്രീശങ്കറും അനീസും ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജമ്പിൽ മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ. ആദ്യ ചാട്ടത്തിൽ തന്നെ 8.05 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ ഫൈനൽ ടിക്കറ്റെടുത്തത്. ഗ്രൂപ്പിൽ 8 മീറ്റർ മറികടക്കുന്ന ഒരേയൊരു താരമായിരുന്നു ശ്രീശങ്കർ. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ് 23 വയസുകാരനായ മലയാളി താരം.

മുഹമ്മദ് അനീസ് ആവട്ടെ, 7.68 മീറ്റർ മികച്ച ദൂരമായി ഫൈനൽ ബെർത്തുറപ്പിച്ചു. രണ്ടാം ശ്രമത്തിലാണ് അനീസ് ഈ ദൂരം കണ്ടെത്തിയത്. ആദ്യത്തെയും മൂന്നാമത്തെയും ശ്രമങ്ങളിൽ അനീസ് 7.49 മീറ്റർ ദൂരമാണ് ചാടിയത്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരനായിരുന്നു അനീസ്.

കോമൺവെൽത്ത് ഗെയിംസ് മെഡൽ വേട്ടയിൽ ഇന്ത്യ ആറാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ജൂഡോയിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ട് മെഡൽ ലഭിച്ചു. വനിതാ വിഭാഗത്തിൽ സുശീലാ ദേവി വെള്ളി നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ വിജയ് കുമാർ യാദവ് വെങ്കലം സ്വന്തമാക്കി. 48 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു സുശീലാ ദേവി ലിക്മാബാമിൻ്റെ മെഡൽ. കോമൺവെൽത്ത് ഗെയിംസിൽ സുശീല ദേവിയുടെ രണ്ടാം വെള്ളി മെഡലാണിത്. പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ സൈപ്രസിൻറെ പെട്രോസ് ക്രിസ്റ്റോഡിലോഡൂഡ്സിനെ കീഴടക്കിയാണ് വിജയ് കുമാർ യാദവ് വെങ്കലം നേടിയത്.

അതേ സമയം ഭാരോദ്വഹനത്തിൽ മെഡൽ വേട്ട തുടരുകയാണ് ഇന്ത്യ. വനിതകളുടെ ഭാരോദ്വഹനത്തിൽ ഹർജിന്ദർ കോർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയിരിക്കുകയാണ്. ഇന്നലെ അചിന്ത ഷിയോലി ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മൂന്നാം സ്വർണ്ണം നേടിയിരുന്നു. ഭാരോദ്വഹനത്തിൽ മാത്രമാണ് ഇന്ത്യയ്ക്ക് സ്വർണ്ണ മെഡൽ നേടാൻ കഴിഞ്ഞത്.

നേരത്തെ പുരുഷൻമാരുടെ 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ജെറമി ലാൽറിനുംഗ സ്വർണ്ണം നേടിയിരുന്നു. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി നേട്ടം സ്വന്തമാക്കിയത്. ഇത് ഗെയിംസ് റെക്കോർഡ് നേട്ടമാണ്. മീരാ ഭായ് ചാനുവിലൂടെയാണ് ഇന്ത്യ ഗെയിംസിലെ ആദ്യ സ്വർണ്ണം സ്വന്തമാക്കിയത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലായിരുന്നു നേട്ടം. ഗെയിംസ് റെക്കോർഡ് കൂടിയാണ് ചാനു കുറിച്ചത്.