രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ ഛത്തീസ്ഗഡിനെ എറിഞ്ഞിട്ട് കേരളം. മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡിനെ 149 റൺസിന് കേരളം കെട്ടുകെട്ടിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിംഗ് ഭാട്ടിയ (40) ആണ് ഛത്തീസ്ഗഡിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് യാദവ് (29) പുറത്താവാതെ നിന്നു. കേരളത്തിനായി ഓൾറൗണ്ടർ ജലജ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ സച്ചിൻ ബേബിയും വൈശാഖ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതൽ തന്നെ നിശ്ചിതമായ ഇടവേളകളിൽ ഛത്തീസ്ഗഡിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്നും 9 വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് എന്നും തകർന്ന ഛത്തീസ്ഗഡിനെ അവസാന വിക്കറ്റിലെ 45 റൺസാണ് 149ലെത്തിച്ചത്. ഈ കൂട്ടുകെട്ട് തകർത്തത് ജലജ് സക്സേനയാണ്.
ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഛത്തീസ്ഗഡ് 13 പോയിൻ്റുമായി ഒന്നാം സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമുള്ള കേരളം 10 പോയിൻ്റുമായി ഗ്രൂപ്പിൽ മൂന്നാമതുണ്ട്.