Football Sports

ചാമ്പ്യന്‍സ് ലീഗ്: ഡോട്ട്മുണ്ടിനെ കെട്ടുകെട്ടിച്ച് പി.എസ്.ജി ക്വാര്‍ട്ടറില്‍

ക്വാര്‍ട്ടറിലെത്താന്‍ ആവശ്യമായ രണ്ട് ഗോള്‍ ജയത്തോടെ ഇരുപാദങ്ങളിലുമായി 3-2ന് ജയിച്ചാണ് പി.എസ്.ജി അവസാന എട്ടിലെത്തിയത്..

ആദ്യപാദത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനോട് 2-1ന് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് 2-0ത്തിന് ജയിച്ച് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. കൊറോണ ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കി നടന്ന മത്സരത്തില്‍ ഇരുപാദങ്ങളിലുമായി 3-2നായിരുന്നു പി.എസ്.ജിയുടെ വിജയം. നെയ്മറും ബെര്‍നറ്റുമാണ് പി.എസ്.ജിക്കുവേണ്ടി സ്‌കോര്‍ ചെയ്തത്.

തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് കെയ്‌ലിയന്‍ എംബപെയെ ബെഞ്ചിലിരുത്തിയാണ് പി.എസ്.ജി കളി തുടങ്ങിയത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഫോം കണ്ടെത്തിയതോടെ പി.എസ്.ജിക്ക് കാര്യങ്ങള്‍ എളുപ്പമായി. 28ആം മിനുറ്റില്‍ നെയ്മര്‍ തന്നെയായിരുന്നു ആദ്യ ഗോള്‍ നേടിയയത്. ഏഞ്ചല്‍ ഡി മരിയയുടെ കോര്‍ണറാണ് നെയ്മറിന്റെ ക്ലോസ് റേഞ്ച് ബുള്ളറ്റ് ഹെഡ് ഗോളിനുള്ള വഴിയൊരുക്കിയത്. ആദ്യപകുതിക്ക് തൊട്ടു മുമ്പ് യുവാന്‍ ബെര്‍നറ്റ് പി.എസ്.ജിയുടെ ലീഡ് രണ്ട് ഗോളാക്കി മാറ്റി.

രണ്ടാം പകുതിയില്‍ ജര്‍മ്മന്‍ ടീം തിരിച്ചുവരവിന് പരമാവധി ശ്രമിച്ചു. ക്വാര്‍ട്ടറിലെത്താന്‍ 2-0ത്തിന്റെ ജയം മതിയെന്ന് അറിയുന്ന പി.എസ്.ജി കാര്യമായ സാഹസങ്ങള്‍ക്ക് മുതിരാതെ ലീഡില്‍ കടിച്ചു തൂങ്ങുകയായിരുന്നു. അതില്‍ അവര്‍ വിജയിച്ചതോടെ ഇരുപാദങ്ങളിലുമായി 3-2ന് തോല്‍വി ഏറ്റുവാങ്ങി ബൊറൂസിയ ഡോട്ട് മുണ്ട് പുറത്തായി. അവസാനമിനുറ്റുകളിലെ സമ്മര്‍ദത്തിനൊടുവില്‍ 89ആം മിനുറ്റില്‍ നെയ്മറെ വലിച്ചിട്ടതിന് ബൊറൂസിയ താരം എംറേ കാനിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു.

കാണികളെ സ്‌റ്റേഡിയത്തിലേക്ക് കടത്തിവിട്ടില്ലെങ്കിലും മൈതാനത്തിന് പുറത്ത് ആയിരക്കണക്കിന് പി.എസ്.ജി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. സ്റ്റേഡിയത്തില്‍ ആളൊഴിഞ്ഞെങ്കിലും തല്‍സമയം സ്‌ക്രീനുകളിലൂടെ മത്സരം കണ്ട് പ്രോത്സാഹിപ്പിക്കുന്ന കാണികളുടെ ആരവം ഒഴിഞ്ഞിരുന്നില്ല. ഈ ആരവത്തിന്റെ ആവേശത്തിലാണ് പി.എസ്.ജി പന്തു തട്ടിയത്.

മറ്റൊരു പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അത്‌ലറ്റികോ മാഡ്രിഡ് കെട്ടുകെട്ടിച്ചു. ഇരുപാദങ്ങളിലുമായി 4-2നായിരുന്നു സ്പാനിഷ് ടീമിന്റെ ജയം.