Football Sports

ചാമ്പ്യന്‍സ് ലീഗ്; ഇന്റര്‍മിലാനെ കരയിച്ച് ബാഴ്‌സയുടെ രണ്ടാം നിര, ലിവര്‍പൂളും വലന്‍സിയയും ജയിച്ചുകയറി

ഇന്റര്‍മിലാന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ ബാഴ്‌സലോണയുടെ രണ്ടാം നിര ടീം ഇല്ലാതാക്കി. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണയുടെ സൂപ്പര്‍താരമായത് വിജയ ഗോള്‍ നേടിയ 17കാരന്‍ അന്‍സു ഫാറ്റിയാണ്. ജയിച്ചേ തീരൂ എന്നുറപ്പിച്ച് മത്സരത്തിനിറങ്ങിയ ഇന്റര്‍മിലാന്റെ മൂന്ന് ഗോളുകളാണ് ഓഫ് സൈഡില്‍ കുരുങ്ങിയത്. അവസാന അഞ്ച് മിനുറ്റില്‍ പകരനായിറങ്ങിയായിരുന്നു അന്‍സുവിന്റെ ഗോള്‍.

ബാഴ്‌സലോണയുടെ 2-1ന്റെ ജയത്തിന്റെ കൂടി സഹായത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറുന്ന എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ ടീമായി. 2-1ന് ബൊറൂസിയ ഡോട്ട്മുണ്ട് സ്ലാവിയ പ്രേഗിന് തോല്‍പിച്ചു. വലന്‍സിയയോട് (1-0) തോറ്റ അയാക്‌സും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായി. ഇന്റര്‍മിലാനും അയാക്‌സും യുവേഫ യൂറോപ്പ ലീഗില്‍ കളിക്കും.

അതേസമയം കട്ടക്ക് കളി നടന്ന ഗ്രൂപ്പ് ഇയില്‍ അവസാന മത്സരത്തിനൊടുവിലാണ് ലിവര്‍പൂളിന് ആശ്വാസം ലഭിച്ചത്. റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെതിരെ 2-0ത്തിന്റെ ജയത്തോടെയാണ് ക്ലോപിന്റെ ചെമ്പട 13 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലെത്തിയിരിക്കുന്നത്. നാപോളിയാണ്(12 പോയിന്റ്) രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലെത്തിയത്.