Sports

അട്ടിമറി തുടർന്ന് സ്പാനിഷ് താരം; ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് ഗാർഫിയ

ഗ്രാൻഡ് സ്ലാം ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി സ്പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയ യുഎസ് ഓപ്പൺ. റൗണ്ട് ഓഫ് 16ൽ ജർമ്മൻ താരം പീറ്റർ ഗോയോവ്‌സികിനെ കീഴടക്കിയാണ് 18കാരനായ താരം അവസാന എട്ടിലെത്തിയത്. അഞ്ച് സെറ്റുകൾ നീണ്ട മാരത്തൺ പോരിലായിരുന്നു സ്പാനിഷ് യുവതാരത്തിൻ്റെ ജയം. സ്കോർ 5-7, 6-1, 5-7, 6-2, 6-0. മൂന്നാം റൗണ്ടിൽ ഗ്രീക്കിൻ്റെ മൂന്നാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ കീഴടക്കിയാണ് കാർലോസ് പ്രീ ക്വാർട്ടറിലെത്തിയത്. (Carlos Garfia grand slam)

ആദ്യ സെറ്റ് നഷ്ടമായ അൽകാരസ് രണ്ടാം സെറ്റിൽ തിരിച്ചടിച്ച് ഒപ്പമെത്തി. എന്നാൽ, മൂന്നാം സെറ്റിൽ പീറ്റർ വീണ്ടും മുന്നിലെത്തി. എന്നാൽ, തുടർന്ന് രണ്ട് സെറ്റുകളിലും ആധികാരിക ജയം കുറിച്ച കാർലോസ് ഗാർഫിയ ആവേശ ജയവും റെക്കോർഡും സ്വന്തമാക്കുകയായിരുന്നു. ക്വാട്ടറിൽ കനേഡിയൻ യുവതാരം ഫെലിക്‌സ് ആഗർ അലിയാസ്മെയാണ് അൽകാരസിന്റെ എതിരാളി. 21കാരനായ താരം അമേരിക്കയുടെ ഫ്രാൻസസ് ടിയെഫോയെ കീഴടക്കിയാണ് വിജയിച്ചത്.

പ്രീക്വാർട്ടറിൽ സിറ്റ്സിപാസിനെയും അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിലാണ് അൽകാരസ് കീഴടക്കിയത്. 5 സെറ്റ് നീണ്ട പോരാട്ടത്തിൽ അസാമാന്യ പോരാട്ട വീര്യവും സ്റ്റാമിനയും പ്രകടിപ്പിച്ച താരം സിറ്റ്സിപാസിനെ ഞെട്ടിക്കുകയായിരുന്നു. രണ്ട് ടൈബ്രേക്കറുകൾ കണ്ട മത്സരത്തിനൊടുവിലാണ് 18കാരൻ ആർതർ ആഷെയിൽ വിജയക്കൊടി നാട്ടിയത്. സ്കോർ 6-3, 4-6, 7-6, 0-6, 6-7.

ആദ്യ സെറ്റ് തന്നെ അനായാസം സ്വന്തമാക്കിയ കാർലോസ് സിറ്റ്സിപാസിനെ സമ്മർദ്ദത്തിലാക്കി. രണ്ടാം സെറ്റിൽ സിറ്റ്സിപാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ 2-5നു പിന്നിൽ നിന്ന കാർലോസ് സെറ്റ് ടൈബ്രേക്കറിലേക്കും വിജയത്തിലേക്കും നീട്ടി. നാലാം സെറ്റിൽ സിറ്റ്സിപാസ് യുവതാരത്തെ വാരിക്കളഞ്ഞു. ഒരു ഗെയിം പോലും യുവതാരത്തിനു നൽകാതെയായിരുന്നു ഗ്രീക്ക് താരത്തിൻ്റെ ജയം. ഈ പരാജയം കുടഞ്ഞെറിഞ്ഞ സ്പാനിഷ് താരം അഞ്ചാം സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് സ്വന്തമാക്കി യുവതാരം അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.