കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ മത്സരവിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും.
ബ്രസീലിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് കളി ആരംഭിച്ചത്. നിർഭാഗ്യവും ക്രോസ് ബാറിനു കീഴിൽ പെറു ഗോളി പെഡ്രോ ഗല്ലീസിൻ്റെ അസാമാന്യ പ്രകടനവും കൂടിച്ചേർന്നപ്പോൾ ബ്രസീലിന് കാര്യങ്ങൾ കടുപ്പമായി. 8ആം മിനിട്ടിൽ ലഭിച്ച ഒരു അവസരം ഗോളാക്കി മാറ്റാൻ നെയ്മറിനു കഴിഞ്ഞില്ല. 12ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് പെറു പെനൽറ്റി ബോക്സിൽ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും ഗല്ലീസ് അവസരത്തിനൊർത്തുയർന്നു. 19ആം മിനിട്ടിൽ ഇരട്ട സേവുകളുമായി വീണ്ടും ഗല്ലീസ് കാനറികളെ തടഞ്ഞുനിർത്തി. 25ആം മിനിട്ടിൽ വീണ്ടും ബ്രസീൽ ആക്രമണം. ഒഴിഞ്ഞ ഗോൾ പോസ്റ്റിനു മുന്നിലെ പെറു ഡിഫൻഡർമാരുടെ മനസാന്നിധ്യം അപ്പോഴും ഗോൾ വീഴുന്നത് തടഞ്ഞു. 10 മിനിട്ടിനു ശേഷം ബ്രസീലിൻ്റെ ഗോൾ. ഇടതുപാർശ്വത്തിലൂടെ ഇരച്ചുകയറി, രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ച് നെയ്മർ ബോക്സിലേക്ക് നൽകിയ ലോ ക്രോസ് ലൂകാസ് പക്വേറ്റ അനായാസം ഗോളിലേക്ക് തിരിച്ചുവിട്ടു.
രണ്ടാം പകുതിയിൽ പെറു കൂടുതൽ ആക്രമണങ്ങൾ മെനഞ്ഞു. 49ആം മിനിട്ടിൽ തന്നെ ഒരു ലോംഗ് ബോൾ പിടിച്ചെടുത്ത് ലാപഡുല തൊടുത്ത ഷോട്ട് എഡേഴ്സൺ കുത്തിയകറ്റി. 60ആം മിനിട്ടിലും എഡേഴ്സൺ ബ്രസീലിൻ്റെ രക്ഷക്കെത്തി. 81ആം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാൻ പെറുവിനായില്ല.