കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു സമനില. ഇക്വഡോർ ആണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്രസീലിൻ്റെ വിജയശില്പി ആയിരുന്ന നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. എഡർ മിലിറ്റോ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ ഏഞ്ചൽ മെന ആണ് ഇക്വഡോറിൻ്റെ ഗോൾ സ്കോറർ.
നെയ്മർ, തിയാഗോ സിൽവ, ഫ്രെഡ് തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ബ്രസീൽ തന്നെയാണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. നിരന്തരാക്രമണങ്ങൾക്കൊടുവിൽ ബ്രസീൽ ഇക്വഡോർ വല കുലുക്കി. 37ആം മിനിട്ടിൽ എവർട്ടണിൻ്റെ ഫ്രീകിക്കിൽ നിന്ന് എഡർ മിലിറ്റോയാണ് ഹെഡറിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചത്. കൂടുതൽ ആധിപത്യം പുലർത്തി കൂടുതൽ അവസരങ്ങൾ ഉണ്ടായെങ്കിലും ആദ്യ പകുതിയിൽ ബ്രസീലിന് വീണ്ടും ഗോൾ നേടാനായില്ല.
രണ്ടാം പകുതിയിൽ ഇക്വഡോർ അല്പം കൂടി ഓർഗനൈസ്ഡ് ആയി. കൂടുതൽ അവരങ്ങൾ സൃഷ്ടിച്ച അവർ 53ആം മിനിട്ടിൽ സമനില ഗോൾ കണ്ടെത്തി. ഒരു കോർണർ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധത്തിനു സാധിക്കാതെ വന്നത് മുതലെടുത്ത് എന്നർ വലൻസിയ നൽകിയ പാസ് ഏഞ്ചൽ മെന ഗോളിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.
ഈ മത്സരത്തിൽ സമനില വഴങ്ങേടി വന്നെങ്കിലും നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച ബ്രസീൽ തന്നെയാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ബ്രസീലിനൊപ്പം പെറു, കൊളംബിയ, ഇക്വഡോർ എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പെറു വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു. മധ്യനിര താരം ആന്ദ്ര കറില്ല ആണ് പെറുവിനായി ഗോൾ നേടിയത്. ഇതോടെ വെനിസ്വേല പുറത്തായി.