ഇന്ന് നടക്കുന്ന ബ്രസീല്‍ – അര്‍ജന്റീന സൂപ്പര്‍ ക്ലാസിക്കോ ഫുട്ബോള്‍ മത്സരത്തിന് ഇരു ടീമുകളും റിയാദിലെത്തി. നെയ്മര്‍ ഒഴികെയുള്ള താരങ്ങളെല്ലാം ബ്രസീല്‍ ടീമിലുണ്ട്. ലയണല്‍ മെസിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. സൌദി സമയം രാത്രി 8 മണിക്കാണ് മത്സരം.
റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ബ്രസീല്‍ – അര്‍ജന്റീന സൌഹൃദ ഫുട്ബോള്‍ മത്സരം. സൂപ്പര്‍ ക്ലാസിക്കോ എന്ന് പേരിട്ട മത്സരം രാത്രി എട്ടിന് റിയാദ് കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക. മത്സരത്തിനായി അര്‍ജന്റീന – ബ്രസീല്‍ താരങ്ങള്‍ ഇന്നലെ രാത്രി മുതല്‍ റിയാദിലെത്തി. കുട്ടീഞ്ഞോ, തിയാഗോ സില്‍വ അടക്കമുള്ള താരങ്ങളാണ് ആദ്യം വിമാനമിറങ്ങിയത്. പരിക്കു കാരണം നെയ്മര്‍ മത്സരത്തിന് എത്തിയിട്ടില്ല. അതേസമയം, അര്‍ജന്റീന ടീമില്‍ ലയണല്‍ മെസി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ മത്സരത്തിനിറങ്ങും.
കഴിഞ്ഞ തവണ സൌദിയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിനായിരുന്നു ജയം. ഇരുപത്തിയയ്യായിരം സീറ്റുകളുള്ള സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകള്‍ വില്‍പന തുടങ്ങി രണ്ടാം ദിനം വിറ്റുപോയിരുന്നു. 200 മുതല്‍ 5000 വരെയാണ് ടിക്കറ്റ് നിരക്ക്. നാലു മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. കോപ അമേരിക്ക ഫുട്‌ബോളില്‍ വിലക്കു വന്ന ശേഷം മെസി ആദ്യമായിറങ്ങുന്ന അന്താരാഷ്ട്ര മത്സരം കൂടിയാണിത്.