Sports

ബോർഡർ – ഗവാസ്കർ ട്രോഫി നാളെ മുതൽ; സ്പിന്നർമാർ കളി നിയന്ത്രിച്ചേക്കുമെന്ന് സൂചന

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് നാഗ്പൂരിൽ ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകളും സ്പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനങ്ങളാണ് നടത്തുന്നത്.

കഴിഞ്ഞ മൂന്ന് തവണ നേടാൻ കഴിയാതിരുന്ന പരമ്പര എങ്ങനെയും സ്വന്തമാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ പരമ്പരകളിൽ ഓസ്ട്രേലിയയ്ക്ക് വലിയ ഭീഷണി ഉയർത്തിയ ഓഫ് സ്പിന്നർ ആർ അശ്വിനെ നേരിടാൻ അശ്വിനെപ്പോലെ പന്തെറിയുന്ന ബറോഡ താരം മഹേഷ് പിഥിയയെ ഓസ്ട്രേലിയ നെറ്റ്സിൽ പന്തെറിയാൻ നിയോഗിച്ചത് വലിയ വാർത്തയായിരുന്നു. സ്പിന്നർമാരെ നേരിടാൻ തങ്ങൾ തയ്യാറാണെന്ന് ഓസീസ് താരങ്ങൾ അറിയിക്കുകയും ചെയ്തു. മൂന്ന് സ്പിന്നർമാരെ പരീക്ഷിച്ചേക്കുമെന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

മറുവശത്ത് നഥാൻ ലിയോൺ ആണ് ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്നത്. ലിയോണിനെ നേരിടാൻ കോലിയും രോഹിതും അടക്കമുള്ള താരങ്ങൾ സ്വീപ് ഷോട്ട് കൂടുതലായി പരിശീലിച്ചിരുന്നു. പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഇല്ലാതെയിറങ്ങുന്ന ഓസ്ട്രേലിയയും സ്പിൻ ഹെവി ലൈനപ്പാവും അണിനിരത്തുക.