Football Sports

ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഒരു ലെഫ്റ്റ് ബാക്ക് കൂടി..??

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലേക്ക് ഒരു ലെഫ്റ്റ് ബാക്ക് താരം കൂടി എത്തുമെന്ന് സൂചന. ഇപ്പോള്‍ ഐ-ലീ​ഗിലുള്ള ട്രാവു എഫ്.സി.താരം ദെനെചന്ദ്ര മീത്തെയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സ് നീക്കം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സീസണില്‍ താരങ്ങള്‍ക്കേറ്റ പരുക്ക് ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചിരുന്നു. മികച്ച പകരക്കരില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയുമായി. ഈ സാഹചര്യത്തില്‍ അടുത്ത സീസണിലേക്ക് ഒരു പിടി താരങ്ങളെ സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആളാണ് മീത്തെ.

മണിപ്പൂരുകാരനായ മീത്തെ മോ​ഹന്‍ ബ​ഗാന്‍ അക്കദമിയിലാണ് കളിച്ചുതുടങ്ങിയത്. എന്നാല്‍ സീനിയര്‍ അരങ്ങേറ്റം പൂനെയ്ക്കൊപ്പമായിരുന്നു. പിന്നീട് ചര്‍ച്ചില്‍ ബ്രദേഴ്സിലും നെറോക്കയിലും കളിച്ച മീത്തെ ഈ സീസണിലാണ് ട്രാവുവില്‍ എത്തുന്നത്. ഐ-ലീ​ഗിലേക്ക് ഇക്കുറി ആദ്യമായെത്തിയ ട്രാവുവിനൊപ്പം 12 മത്സരങ്ങള്‍ കളിച്ചു. ഐ-ലീ​ഗിലെ മികച്ച പ്രകടനത്തോടെ മീത്തെയെതേടി ഐ.എസ്.എല്‍ ക്ലബുകളും എത്തിയിരുന്നു.

നിലിവല്‍ ​ഗോവന്‍ താര ജെസ്സല്‍ കാര്‍നെയ്റോയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ചോയിസ് ലെഫ്റ്റ് ബാക്ക്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി എല്ലാ മത്സരങ്ങളിലും മുഴുവന്‍ സമയവും കളിച്ച ഏകതാരവും ജെസ്സല്‍ തന്നെ. എ.ടി.കെ അടക്കം സൂപ്പര്‍ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ജെസ്സല്‍ ബ്ലാസ്റ്റേഴ്സിനൊപ്പം മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.