കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും തമ്മിലുള്ള പ്രീസീസൺ മത്സരം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ബ്ലാസ്റ്റേഴ്സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിനു ശേഷമാണ് നീക്കം.
വൈകിട്ട് അഞ്ചരക്കായിരുന്നു മത്സരം തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രദേശത്ത് കനത്ത മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ മത്സരം മറ്റൊരു ദിവസം നടത്തുമോ എന്നതിൽ വ്യക്തതയില്ല.
ഐഎസ്എൽ സീസണു മുൻപ് ഇനി മൂന്ന് പ്രീസീസൺ മത്സരം കൂടി ബ്ലാസ്റ്റേഴ്സ് കളിക്കും. നവംബർ അഞ്ചിന് ചെന്നൈയിൻ എഫ്സിയും നവംബർ 9, 12 തീയതികളിൽ ജംഷഡ്പൂർ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.
അതേസമയം, കളിക്കളത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഏതാനും വർഷങ്ങൾ കൂടി കരിയർ തുടരുമെന്ന് 37കാരനായ ഛേത്രി അറിയിച്ചു. കരിയർ അവസാനത്തിലാണെന്ന ബോധം തനിക്കുണ്ടെന്നും ഏതാനും വർഷത്തേക്ക് എവിടെയും പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര ഗോൾ നേട്ടത്തിൽ ബ്രസീൽ ഇതിഹാസം പെലെയെ ഛേത്രി മറികടന്നിരുന്നു. രാജ്യാന്തര ഫുട്ബോളിൽ സുനിൽ ഛേത്രി ഇതുവരെ 79 ഗോൾ നേടി. സാഫ് കപ്പിൽ മാലിദ്വീപിന് എതിരായ മത്സരത്തിലാണ് സുനിൽ ഛേത്രിയുടെ നേട്ടം.
സാഫ് കപ്പിലെ നിർണായക മത്സരത്തിൽ ആതിഥേയരായ മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുനു. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ശനിയാഴ്ച്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേപ്പാളിനെ നേരിടും.