ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിത താരം, മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി.
സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ഫിഫ ദ ബെസ്റ്റ് പ്ലെയറായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ മറികടന്നാണ് മെസ്സിയുടെ പുരസ്കാര നേട്ടം. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി. ലിവര്‍പൂളിന്റെ അലിസണ്‍ ബെക്കര്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരവും നേടി. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത യുര്‍ഗന്‍ ക്ലോപാണ് മികച്ച പരിശീലകന്‍.
അമേരിക്കയുടെ മേഗന്‍ റാപിനോയാണ് മികച്ച വനിതാ താരം, വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ഷൂവും നേടിയ താരമാണ് മേഗന്‍. അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ജില്‍ എലിസ് മികച്ച വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. നെതര്‍ലാന്‍ഡ്സിന്റെ സാറി വാന്‍ഡറാണ് മികച്ച വനിക ഗോള്‍ കീപ്പര്‍. അന്ധനായ മകന് കളി വിവരിച്ചു നല്‍കുന്ന ബ്രസീലിയന്‍ വനിത സില്‍വിയ ഗ്രിക്കോക്ക് മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.