ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയവുമായി ബെംഗളൂരു എഫ്സി. ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു വിജയവഴിയിൽ തിരികെ എത്തിയത്. ക്ലീറ്റൻ സിൽവ, അലൻ കോസ്റ്റ, ഉദാന്ത സിംഗ്, പ്രതീക് ചൗധരി എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ മിർലേൻ മുർസേവ്, റഹീം അലി എന്നിവ ചെന്നൈക്കായും വലകുലുക്കി.
നാലാം മിനിട്ടിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ മുന്നിലെത്തി. മിർലേൻ മുർസേവ് ആയിരുന്നു ഗോൾ സ്കോറർ. 38ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്ലീറ്റൻ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43ആം മിനിട്ടിൽ അലൻ കോസ്റ്റയിലൂടെ മത്സരത്തിലാദ്യമായി അവർ ലീഡെടുക്കുകയും ചെയ്തു. രണ്ടാം പകുതി ആരംഭിച്ച് 4 മിനിട്ടുകൾക്കുള്ളിൽ ചെന്നൈയിൻ ഒപ്പമെത്തി. റഹീം അലിയാണ് ചെന്നൈയിൻ്റെ സമനില ഗോൾ നേടിയത്. അവിടം കൊണ്ടും തീർന്നില്ല. 70, 74 മിനിട്ടുകളിൽ ഉദാന്ത സിംഗും പ്രതീക് ചൗധരിയും നേടിയ ഗോളുകളോടെ ബെംഗളൂരു മത്സരത്തിൽ മികച്ച ലീഡും ജയവും സ്വന്തമാക്കുകയായിരുന്നു.
ഗോൾ കീപ്പർമാരായ വിശാൽ കെയ്ത്തിൻ്റെയും ഗുർപ്രീത് സിംഗ് സന്ധുവിൻ്റെയും തുടർ പിഴവുകൾ മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തി. ജയത്തോടെ ബെംഗളൂരു പോയിൻ്റ് പട്ടികയിൽ എട്ടാമതെത്തി. 9 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിൻ്റാണ് അവർക്കുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 11 പോയിൻ്റുള്ള ചെന്നൈയിൻ പട്ടികയിൽ അഞ്ചാമതാണ്.