Football Sports

അടിച്ചത് ഒരു ഡസൻ ഗോൾ; ജർമ്മൻ കപ്പിൽ ബയേണിന് പടുകൂറ്റൻ ജയം

ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ആണ് ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമ്മൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിൻ്റെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്. 76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്.

7 മാറ്റങ്ങളുമായാണ് ബയേൺ ഇന്നലെ ഇറങ്ങിയത്. അവസാന മത്സരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് മുള്ളർ, നിക്ലാസ് സൂൾ, ലിറോയ് സാനെ എന്നിവർ മാത്രമേ ഫസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരുന്നുള്ളൂ. കളി തുടങ്ങി എട്ടാം മിനിട്ടിൽ തന്നെ ബയേൺ ആദ്യ വെടിപൊട്ടിച്ചു. കാമറൂൺ താരം ചൗപോ മോട്ടിങ് ആണ് ഗോൾ സ്കോറിങിനു തുടക്കമിട്ടത്. നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ചൗപോ കളിയിലെ താരമായി. 8, 28, 35, 82 മിനുട്ടുകളിൽ ആയിരുന്നു ചൗപോയുടെ ഗോളുകൾ. ജർമ്മൻ കൗമാര താരം ജമാൽ മുസിയാല ഇരട്ട ഗോളുകൾ നേടിയപ്പോൾ മാലിക് ടിൽമൻ, ലിറോയ് സാനെ, മൈക്കൽ കുയ്സൻസ്, ബൗന സാർ, കോറൻ്റിൻ ടൊലീസൊ എന്നിവരും ബയേണിനായി വലകുലുക്കി.