സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വന്നു. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി.
ക്ലബ് മെമ്പർമാരുടെ ഒരു കൂട്ടായ്മയാണ് പ്രസിഡൻ്റിനെതിരെ ഒപ്പ് ശേഖരിച്ചത്. 16520 ഒപ്പുകളാണ് അവിശ്വാസ പ്രമേയത്തിനു വേണ്ടിയിരുന്നത്. ആകെ 20687 ഒപ്പുകളാണ് ശേഖരിച്ചത്. ഇനി 10 ദിവസത്തിനുള്ളിൽ ഒരു കമ്മറ്റി രൂപീകരിച്ച് അവിശ്വാസ പ്രമേയം നടത്തണം. ഒക്ടോബർ പകുതിയോടെയാവും പ്രമേയം അവതരിപ്പിക്കുക. 66 ശതമാനം ആളുകളെങ്കിലും അനുകൂലിച്ചാലേ പ്രമേയം വിജയിക്കൂ. ഇതിൽ 10 ശതമാനം ക്ലബ് മെമ്പർമാരും ഉൾപ്പെടണം.
കുറച്ചധികം കാലമായി ബാർതോമ്യുവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ കടുത്തു. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുരന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തിൽ ക്ലബ് വിടാനുള്ള കരാർ തനിക്കുണ്ടായിരുന്നു. എന്നാൽ ഞാൻ ജൂൺ 10നു മുൻപ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് പ്രസിഡൻ്റിൻ്റെ വാദം. പക്ഷേ, കൊവിഡ് പശ്ചാത്തലത്തിൽ ജൂൺ 10ന് ഞങ്ങൾ ലാ ലിഗ കളിക്കുകയായിരുന്നു. ക്ലബ് വിടാൻ 700 മില്ല്യൺ ഡോളറാണ് ബാർതോമ്യു ആവശ്യപ്പെട്ടതെന്നും മെസി പറഞ്ഞിരുന്നു. ക്ലബിൻ്റെ സമ്മർദ്ദം മൂലം മെസി ടീമിൽ തുടർന്നെങ്കിലും ബാർതോമ്യുവിനെതിരെ വിമർശനം കടുത്തു. അതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയത്തിനു നീക്കം തുടങ്ങിയത്.