കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിഫലം കുറക്കാന്‍ ബാഴ്‌സലോണ താരങ്ങള്‍ തയ്യാറായതായി റിപ്പോര്‍ട്ട്. ബാഴ്‌സലോണ ക്ലബിന്റെ വരുമാനത്തില്‍ അടക്കം വലിയ ഇടിവുണ്ടായ സാഹചര്യം കണക്കിലെടുത്താണ് കളിക്കാരുടെ നീക്കമെന്നാണ് സ്പാനിഷ് മാധ്യമങ്ങളായ സ്‌പോര്‍ട്ടും ASഉം മാര്‍ക്കയും റിപ്പോര്‍ട്ടു ചെയ്തു.
ബാഴ്‌സലോണയിലെ മുതിര്‍ന്ന താരങ്ങളായ ലയണല്‍ മെസി, സെര്‍ജിയോ ബുഷ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നിവരുമായി ക്ലബ് പ്രസിഡന്റ് ബര്‍ട്ടോമു സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാഹചര്യം ഉള്‍ക്കൊണ്ട ബാഴ്‌സലോണ താരങ്ങള്‍ ശമ്പളം കുറക്കാന്‍ തയ്യാറായെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം എത്രയാണ് കുറവെന്ന് വ്യക്തമല്ല.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗയും നീട്ടിവെച്ചിരിക്കുകയാണ്. കോവിഡ് 19 നിയന്ത്രണത്തിലാവാത്തതിനെ തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രി രാജ്യത്തെ അടിയന്തരാവസ്ഥ 15 ദിവസം കൂടി നീട്ടിയതായി ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എപ്പോള്‍ മുതല്‍ ലാ ലിഗ പുനരാരംഭിക്കുമെന്ന് വ്യക്തതയില്ല. ലാലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ് മെയ് മധ്യത്തോട് ലീഗ് പുനരാരംഭിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.
അതേസമയം കൊറോണ ഏറ്റവും രൂക്ഷമായി തുടരുന്ന യൂറോപില്‍ സ്‌പെയിനിലും ആശങ്കകള്‍ വര്‍ധിക്കുകയാണ്. ഞായറാഴ്ച്ച മാത്രം കോവിഡ് 19 ബാധിച്ച് 394 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1702 ആയി ഉയരുകയും ചെയ്തു.