കരുത്തരായ സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ബാഴ്‌സയുടെ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ ബാഴ്‌സയുടെ തോല്‍വി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു. ഒസ്മാനെ ഡെംബലെ, ജെറാര്‍ഡ് പിക്വെ, മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റ് എന്നിവരാണ് ബാഴ്‌സക്കായി ഗോളുകള്‍ നേടിയത്.
ജയിക്കാനായി പൊരുതി കളിച്ച ബാഴ്സലോണ സെവിയ്യക്ക് കാര്യമായ പഴുതുകളൊന്നും നല്‍കിയില്ല. അതേസമയം സെവിയക്ക് ലഭിച്ചൊരു പെനാല്‍റ്റി ബാഴ്സ ഗോള്‍കീപ്പര്‍ തടുത്തിടുകയും ചെയ്തു. 12ാം മിനുറ്റില്‍ ഒസ്മാനെ ഡെംബെലെയിലൂടെയാണ് ബാഴ്‌സ ലീഡെടുത്തത്. രണ്ടാം ഗോള്‍ പിറന്നത് 94ാം മിനുറ്റിലും. മത്സരത്തില്‍ സെവിയ്യ വിജയിച്ചു എന്നുറപ്പിച്ചിരിക്കേയായിരുന്നു പിക്വെയിലൂടെ ബാഴ്സയുടെ ഗോള്‍. ഇതോടെ അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി.
കളി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രാത്തുവെയിറ്റിന്റെ കിടിലന്‍ ഫിനിഷ്. സെവിയ്യുടെ ഫെര്‍ണാണ്ടോയും ലൂക്ക് ഡി ജോങ്ങും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് വിനയായി. ഏപ്രില്‍ 17നാണ് ഫൈനല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ലെവാന്റെ- അത്‌ലറ്റികോ ബില്‍ബാവോ മത്സരത്തിലെ വിജയിയെയാണ് ബാഴ്‌സ ഫൈനലില്‍ നേരിടുക.