സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് മുൻതാരം സാവി ഹെർണാണ്ടസ്. ക്ലബ്ബ് അധികൃതർ സാവിയുമായി ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു സാവിയുടെ പരസ്യ പ്രസ്താവന. എന്നെങ്കിലും ബാഴ്സലോണയുടെ പരിശീലസ്ഥാനത്ത് എത്തുക എന്നത് എന്റെ സ്വപ്നമാണ്, അതു താൻ നിഷേധിക്കുന്നില്ല. എന്നാൽ ഇപ്പോൾ എന്റെ ശ്രദ്ധ ഖത്തർ ക്ലബ്ബ് അൽ സാദിലാണ്. ബാഴ്സയിൽ എന്താണു സംഭവിക്കുക എന്നു പറയാൻ ഞാൻ ആളല്ല. ബാഴ്സലോണയും ക്ലബ്ബിനെയും പരിശീലകൻ ഏണസ്റ്റോ വാൽവെർദെയെയും വളരെയധികം ബഹുമാനിക്കുന്നു- സാവി പറഞ്ഞു.
സ്പാനിഷ് സൂപ്പർ കപ്പിലെ തോൽവിയോടെ പരിശീലക സ്ഥാനത്തുനിന്ന് ഏണസ്റ്റോ വാൽവെർദെയെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണു സാവി ക്ലബ്ബിലേക്കു മടങ്ങുന്ന എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ ബാഴ്സയുടെ ഓഫർ സാവി നിരസിച്ചതോടെ ജൂണ്‍ വരെയെങ്കിലും വാൽവെർദെ ബാഴ്സലോണ പരിശീലക സ്ഥാനത്തു തുടർന്നേക്കും എന്നാണു റിപ്പോർട്ട്. നിലവിൽ ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനാണു സാവി. 1998 മുതൽ 2015 വരെ ബാഴ്സയ്ക്കായി കളിച്ച സാവി, ക്ലബ്ബിനായി 505 മത്സരങ്ങളില്‍ 58 ഗോളുകളും നേടി.