മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല…
ലാലിഗയില്‍ സെവില്ലക്കെതിരെ ബാഴ്സലോണ സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡിന്റെ ലാലിഗ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. ഞായറാഴ്ച്ച റിയല്‍ സോസിഡാസുമായുള്ള മത്സരത്തില്‍ ജയിക്കാനായാല്‍ റയല്‍ മാഡ്രിഡ് പോയിന്റ് നിലയില്‍ ബാഴ്സലോണക്കൊപ്പമെത്തും.
മൂന്നാം സ്ഥാനത്തുള്ള സെവില്ലക്കെതിരെ ഗോള്‍രഹിത സമനിലയിലാണ് ബാഴ്സലോണ കുരുങ്ങിയത്. മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മെസിക്ക് കരിയറിലെ 700 ഗോളുകളെന്ന നേട്ടം സെവില്ലക്കെതിരെ പൂര്‍ത്തിയാക്കാനായില്ല. ബാഴ്സലോണക്കുവേണ്ടി 629 ഗോളുകളും അര്‍ജന്റീനക്കായി 70 ഗോളുകളുമാണ് മെസി നേടിയിട്ടുള്ളത്. മത്സരത്തില്‍ മൂന്ന് തവണ ഗോളിലേക്ക് മെസി ലക്ഷ്യംവെച്ചെങ്കിലും സെവില്ല ഗോളിയെ മറികടക്കാനായില്ല.
ബാഴ്സലോണ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രേ ടെര് സ്റ്റെഗന് അവസാന നിമിഷങ്ങളിലെ നിര്‍ണ്ണായക രക്ഷപ്പെടുത്തല്‍ അടക്കം മത്സരത്തില്‍ മൂന്ന് സേവുകള്‍ നടത്തി. സമനിലയിലായതോടെ ബാഴ്സലോണക്ക് 30 കളികളില്‍ നിന്നും 65 പോയിന്റായി. 29 കളികളില്‍ നിന്നും 62 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. ആകെ 38 മത്സരങ്ങളാണ് ലാലിഗയില്‍ ഓരോ ടീമും കളിക്കേണ്ടത്.