ബാഴ്സലോണയുടെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമാണ് അന്‍സു ഫാറ്റിയെന്ന പരിശീലകന് സെറ്റിയന്റെ വാക്കുകള്‍ക്ക് അടിവരയിടുന്ന പ്രകടനമായിരുന്നു 17കാരന്റേത്…
‘എന്റെ കളി കാണാനിരിക്കുന്നതേയുള്ളൂ’വെന്ന് ബാഴ്സലോണയുടെ കൗമാര വിസ്മയം അന്‍സു ഫാറ്റി സൂചന നല്കിയ മത്സരത്തില്‍ ലെഗന്‍സിനെ ബാഴ്സ 2-0ത്തിന് തോല്പിച്ചു. ഇതോടെ ലാലിഗയിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്സലോണ വീണ്ടും അഞ്ചാക്കി ഉയര്‍ത്തി.
ആദ്യമായി നൗകാമ്പില്‍ കാണികളില്ലാതെ ലാ ലിഗ മത്സരത്തിനിറങ്ങിയപ്പോള്‍ പതിഞ്ഞ തുടക്കമായിരുന്നു ബാഴ്സലോണയുടേത്. ഗോള്‍ വഴങ്ങുമെന്നും പലതവണ തോന്നിപ്പിച്ചു. ആദ്യ പതിനഞ്ച് മിനുറ്റില്‍ രണ്ട് തവണയാണ് ലെഗന്‍സ് ഗോളിന് തൊട്ടരികെ എത്തിയത്.
42ാം മിനുറ്റില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ ഗോളിലേക്കുള്ള വഴി കണ്ടെത്തി അന്‍സു ഫാറ്റി ബാഴ്സലോണയെ മുന്നിലെത്തിച്ചു. ലാലിഗയില്‍ അഞ്ച് ഗോള്‍ നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് ഫാറ്റി. ആകെ 12 ഷോട്ടുകളില്‍ നിന്നാണ് ഫാറ്റി അഞ്ച് ഗോള്‍ കണ്ടെത്തിയത്.
ഈ മത്സരത്തോടെ അന്‍സു ഫാറ്റിയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കും ഏതാണ്ട് അവസാനമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അന്സുവിനായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 135 മില്യണ്‍ പൗണ്ടിന്റെ (ഏകാണ്ട് 1,300 കോടി രൂപ) രണ്ടാം ഓഫര്‍ ബാഴ്സലോണ തള്ളിയത്. നേരത്തെ യുണൈറ്റഡിന്റെ 90 മില്യണ്‍ പൗണ്ടിന്റെ ഓഫറും ബാഴ്സ തള്ളിയിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരമാണ് അന്സുവെന്ന പരിശീലകന് സെറ്റിയന്റെ വാക്കുകള്‍ തന്നെ ഇതിന് അടിവരയിടുന്നു.
ഗ്രീസ്മാന് ഒരിക്കല്‍ കൂടി ബാഴ്സ ജേഴ്സിയില്‍ നിരാശപ്പെടുത്തി. റാകിടിക്കിന്റെ ക്രോസില്‍ തലവെച്ച ആ നിമിഷത്തിലായിരുന്നു ഗ്രീസ്മാന് ഗോളിന് അടുത്തെത്തിയത്. 64ാം മിനുറ്റില്‍ ഗ്രീസ്മാന് വല ചലിപ്പിച്ചെങ്കിലും നെല്‍സണ്‍ സെമാഡോ ഓഫ് സൈഡാണെന്ന് വാര് വിധിച്ചതോടെ അതും ഇല്ലാതായി.
67ാം മിനുറ്റില്‍ നൃത്തച്ചുവടുകളുമായി മെസി ബോക്സിനകത്തേക്ക് കയറിയപ്പോള്‍ വലിച്ചിടുകയല്ലാതെ ലാഗെന്സ് താരങ്ങള്‍ക്ക് വഴിയുണ്ടായിരുന്നില്ല. തുടര്‍ന്ന് റഫറി അനുവദിച്ച പെനല്‍റ്റിയിലൂടെ മെസി ബാഴ്സലോണയുടെ ലീഡ് 2-0ആക്കി ഉയര്‍ത്തി. മെസിയുടെ ബാഴ്സലോണക്കായുള്ള 629ാം ഗോളാണിത്.