ലയണൽ മെസിയില്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗിനിറങ്ങിയ ബാഴ്‌സലോണക്ക് എവേ മത്സരത്തിൽ മിന്നും ജയം. രണ്ടു ഗോളും ഒരു അസിസ്റ്റുമായി മാർട്ടിൻ ബ്രാത്ത് വെയ്റ്റ് മിന്നിയപ്പോൾ ഉക്രെയ്ൻ ക്ലബ്ബ് ഡെയ്‌നാമോ കീവിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്‌സ തകർത്തത്. മറ്റു മത്സരങ്ങളിൽ യുവന്റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, ബൊറുഷ്യ ഡോട്മുണ്ട് തുടങ്ങിയ പ്രമുഖരും ജയം കണ്ടു.
ലയണൽ മെസി, ഫ്രെങ്കി ഡിയോങ് എന്നിവർ വിശ്രമം അനുവദിച്ച ബാഴ്‌സ യുവതാരങ്ങൾക്ക് അവസരം നൽകിയപ്പോൾ ആദ്യപകുതിയിൽ ഗോൾ പിറന്നില്ലെങ്കിലും കളി സന്ദർശകരുടെ നിയന്ത്രണത്തിലായിരുന്നു. 52-ാം മിനുട്ടിൽ പ്രതിരോധതാരം സെർജിനോ ഡെസ്റ്റിന്റെ ഗോളിനാണ് ബാഴ്‌സ ലീഡെടുത്തത്. 57-ാം മിനുട്ടിൽ ഓസ്‌കർ മിൻഗ്വേസയുടെ ക്രോസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലാക്കി ബ്രാത്ത് വെയ്റ്റ് ലീഡുയർത്തി. 70-ാം മിനുട്ടിൽ തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ബ്രാത്ത് വെയ്റ്റ് സ്‌കോർ 3-0 ആക്കി ഉയർത്തി. 66-ാം മിനുട്ടിൽ ഫിലിപ്പ് കുട്ടിന്യോക്ക് പകരം കളത്തിലിറങ്ങിയ ആന്റോയ്ൻ ഗ്രീസ്മാൻ 90-ാം മിനുട്ടിൽ ടീമിന്റെ നാലാം ഗോളും നേടി. മികച്ച ജയത്തോടെ ബാഴ്‌സ നോക്കൗട്ട് റൗണ്ടിൽ ഇടമുറപ്പിച്ചു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു യുവന്റസിന്റെ ജയം. ഹങ്കേറിയൻ ക്ലബ്ബ് ഫെറങ്കാറോസ് യുവെയുടെ തട്ടകത്തിൽ ആദ്യം ഗോൾ നേടി ഞെട്ടിച്ചെങ്കിലും ഇഞ്ച്വറി ടൈമിലെ ഗോളിൽ ഇറ്റാലിയൻ ചാമ്പ്യന്മാർ ജയം പിടിച്ചെടുക്കുകയായിരുന്നു. 19-ാം മിനുട്ടിൽ മിർതോ ഉസുനിയുടെ ഗോളിലാണ് ഫെറങ്കാറോസ് മുന്നിലെത്തിയത്. 35-ാം മിനുട്ടിൽ ക്രിസ്റ്റിയാനോ ടീമിനെ ഒപ്പമെത്തിച്ചു. ടൂറിനിൽ നിന്ന് ഒരു പോയിന്റുമായി മടങ്ങാനുള്ള ഹങ്കറിക്കാരുടെ മോഹം തകർത്തത് 92-ാം മിനുട്ടിൽ ആൽവാരോ മൊറാട്ടയാണ്. യുവെയുടെ രണ്ട് ഗോളിനും വഴിയൊരുക്കി ഹുവാൻ ക്വഡ്രോഡോ തിളങ്ങി.
ജർമൻ കരുത്തരായ റെഡ്ബുൾ ലീപ്‌സെഷിനെ 11-ാം മിനുട്ടിൽ നെയ്മർ നേടിയ പെനാൽട്ടി ഗോളിനാണ് പി.എസ്.ജി വീഴ്ത്തിയത്. മിഡ്ഫീൽഡർ ബ്രൂണോ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകളും മാർക്കസ് റാഷ്‌ഫോഡ് (പെനാൽട്ടി), ഡാനിയൽ ജെയിംസ് എന്നിവരുടെ ഗോളുകളും മാഞ്ചസ്റ്റർ യുനൈറ്റഡിന് ഇസ്തംബൂൾ ബസക്‌സെഹിറിനെതിരെ ജയമൊരുക്കി.