Sports

ഏഴാം വിക്കറ്റിൽ റെക്കോർഡ് കൂട്ടുകെട്ട്; മെഹദി ഹസന് സെഞ്ചുറി: ബംഗ്ലാദേശിന് തകർപ്പൻ സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 271 റൺസ് നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ മഹ്‌മൂദുല്ലയും മെഹദി ഹസനും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 150 പോലും കടക്കില്ലെന്ന് കരുതിയ ടോട്ടൽ 271ൽ എത്തിക്കാനായത് ബംഗ്ലാദേശിന് വലിയ ആത്‌മവിശ്വാസം നൽകും. മെഹദി ഹസൻ (100 നോട്ടൗട്ട്) ബംഗ്ലാദേശ് ടോപ്പ് സ്കോറർ ആയപ്പോൾ മഹ്‌മൂദുല്ല 77 റൺസ് നേടി പുറത്തായി.

മോശം തുടക്കമാണ് ബംഗ്ലാദേശിനു ലഭിച്ചത്. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവർ ചേർന്ന് ബംഗ്ലാ മുൻ നിരയെയും മധ്യനിരയെയും തകർത്തെറിഞ്ഞപ്പോൾ 19 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ മാച്ച് വിന്നർ മെഹദി ഹസൻ മുതിർന്ന താരം മഹ്‌മൂദുല്ലയ്ക്കൊപ്പം ഏഴാം വിക്കറ്റിൽ ഒത്തുചേർന്നതോടെ ബംഗ്ലാദേശ് കരകയറി. മഹ്‌മൂദുല്ല സാവധാനം തുടങ്ങിയെങ്കിൽ മെഹദി തുടക്കം മുതൽ ആക്രമിച്ചുകളിച്ചു. ഇരുവരും അനായാസം ഫിഫ്റ്റി കടന്നു. ബൗണ്ടറിയിലേക്ക് പറന്ന എഡ്ജുകളും ഫീൽഡറുടെ അടുത്തെത്താത്ത ഫാൾസ് ഷോട്ടുകളും ഇന്ത്യയുടെ നിർഭാഗ്യമായി. 148 റൺസ് നീണ്ട റെക്കോർഡ് കൂട്ടുകെട്ടിനൊടുവിലാണ് സഖ്യം വേർപിരിഞ്ഞത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 47ആം ഓവറിൽ ഉമ്രാൻ മാലിക് മഹ്‌മൂദുല്ലയെ രാഹുലിൻ്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു.

തുടർന്നെത്തിയ നസും അഹ്‌മദും ആക്രമണ മോഡിലായിരുന്നു. അവസാന ഓവറുകളിൽ നസുമും മെഹദിയും കടന്നാക്രമിച്ചതോടെ ബംഗ്ലാ സ്കോർ കുതിച്ചു. 83 പന്തുകളിൽ 8 ബൗണ്ടറിയും 4 സിക്സറും സഹിതം മെഹദി ഹസൻ കന്നി ഏകദിന സെഞ്ചുറി കുറിച്ചു. ഇന്നിംഗ്സിലെ അവസാന പന്തിൽ ശാർദുൽ താക്കൂറിനെതിരെ സിംഗിൾ നേടിയായിരുന്നു മെഹദിയുടെ സെഞ്ചുറി.