ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്. ധാക്കയിലെ ഷേർ എ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ കളി മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ഈ മത്സരം കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശം ഉറപ്പിക്കാനാവും ശ്രമിക്കുക.
പേസ് ബൗളിംഗിനു പിന്തുണയുള്ള പിച്ചാണ് ധാക്കയിലേത്. അതുകൊണ്ട് തന്നെ മൂന്ന് സ്പിന്നർമാരുമായി ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഒരു അധിക പേസറെ പരിഗണിച്ചേക്കും. അങ്ങനെയെങ്കിൽ അശ്വിൻ പുറത്തിരുന്ന് ശാർദുൽ താക്കൂറോ ജയ്ദേവ് ഉനദ്കട്ടോ ടീമിലെത്തും. എന്നാൽ, അധിക ബാറ്റർ എന്നത് പരിഗണിക്കുമ്പോൾ അശ്വിൻ തുടർന്ന് കുൽദീപ് യാദവ് പുറത്തിരുന്നേക്കും. അതേസമയം, ആദ്യ മത്സരത്തിൽ 8 വിക്കറ്റ് വീഴ്ത്തി ഗംഭീര പ്രകടനം നടത്തിയ താരത്തെ പുറത്തിരുത്തുക എന്നത് യുക്തിയല്ല.
പരിശീലനത്തിനിടെ പരുക്കേറ്റ താത്കാലിക ക്യാപ്റ്റൻ കെഎൽ രാഹുൽ ഇന്ന് കളിക്കുമെന്നാണ് സൂചന. താരത്തിൻ്റെ പരുക്ക് ഗുരുതരമല്ലെന്നും മത്സരത്തിനു മുൻപ് മാച്ച് ഫിറ്റാകുമെന്ന് കരുതുന്നു എന്നും ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ പറഞ്ഞു.