രക്തത്തിൽ കൊക്കെയ്ൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ അശ്വാഭ്യാസ താരത്തിനു വിലക്ക്. അശ്വാഭ്യാസം (ഇക്വസ്ട്രിയൻ) താരമായ ജാമി കെർമോൻഡിനെയാണ് വിലക്കിയത്. ജൂൺ 26ന് നടത്തിയ എ സാമ്പിൾ ടെസ്റ്റിൽ കൊക്കെയ്ൻ്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് താരത്തിനു വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, തൻ്റെ ബി സാമ്പിൾ ഫലം പരിഗണിക്കണമെന്ന് കെർമോൻഡ് ആവശ്യപ്പെടുന്നു. ടോക്യോയിലൂടെ തൻ്റെ ഒളിമ്പിക്സ് അരങ്ങേറ്റത്തിനു കാത്തിരിക്കുകയായിരുന്നു താരം. ഒളിമ്പിക്സിൽ മത്സരിക്കുന്ന ഓസ്ട്രേലിയയുടെ 9 അംഗ അശ്വാഭ്യാസ സംഘത്തിലെ മൂന്ന് ജമ്പർമാരിൽ ഒരാളാണ് കെർമോൻഡ്.
അതേസമയം, ഒളിമ്പിക്‌സിൽ ആതിഥേയരായ ജപ്പാനാണ് ആദ്യ ജയം കുറിച്ചത്. സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.
അതേസമയം, ഒളിമ്പിക്സ് വില്ലേജിൽ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ജപ്പാനിലെ പകുതിയിലേറെ പേർ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്‌സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർമാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്. 42 വേദികളിൽ 3 വേദികളിൽ മാത്രമാണ് കാണികൾക്ക് പ്രവേശനം.