Football Sports

രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ്

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് എ.ടി.കെ ബഗാന്‍. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പരാജയം. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി.

14-ാം മിനിറ്റില്‍ ലോങ് റേഞ്ചറിലൂടെ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് സന്ദീപ് സിങ് നല്‍കിയ പാസ് സ്വീകരിച്ച ഹൂപ്പര്‍, എ.ടി.കെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നിന്നത് മുതലെടുത്ത് തൊടുത്ത ലോങ് റേഞ്ചര്‍ വല കുലുക്കി.

51 മിനിറ്റില്‍ സഹലെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളിന്റെ പിറവി. ബോക്‌സിലേക്ക് വന്ന പന്ത് രാഹുല്‍ കെ.പി ഹെഡ് ചെയ്തത് കോസ്റ്റയ്ക്ക് മുന്നിലേക്ക്. പന്ത് പിടിക്കാന്‍ ചെന്ന എ.ടി.കെ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ കൈയില്‍ തട്ടി പന്ത് ബോക്‌സില്‍ വീണു. എ.ടി.കെ താരങ്ങള്‍ പന്ത് ക്ലിയര്‍ ചെയ്യും മുമ്പ് കോസ്റ്റയുടെ ഷോട്ട് വലയില്‍.

59–ാം മിനിറ്റിൽ ബഗാൻ ആദ്യ ഗോൾ മടക്കി. മന്‍വീർ സിങ്ങിന്റെയും മാഴ്സെലീഞ്ഞോയുടെയും സംയുക്ത നീക്കത്തില്‍ മാഴ്സെലീഞ്ഞോയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് വലയിൽ.

65ാം മിനിറ്റില്‍ ബഗാന്റെ സമനില ഗോൾ നേടി. പന്തിനായി പോരാടുന്നതിനിടെ ക്യാപ്റ്റൻ ജെസ്സൽ ബോക്സിനകത്തുവച്ച് ഹാൻഡ് ബോള്‍ വഴങ്ങി. റഫറി പെനൽറ്റി വിധിച്ചു. റോയ് കൃഷ്ണ ബഗാനെ ഒപ്പമെത്തിച്ചു. സ്കോർ 2–2.

87-ാം മിനിറ്റില്‍ ഹൈ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സന്ദീപ് സിങ്ങിന് സംഭവിച്ച പിഴവില്‍ എ.ടി.കെ വിജയ ഗോള്‍ നേടിയത്. പന്ത് കൃഷ്ണ പന്ത് വലയിലെത്തിച്ചു.