Sports

ടോക്യോ ഒളിമ്പിക്സ്: ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ ആരിയാൻ റ്റിറ്റ്മസിന്; നേട്ടം ഒളിമ്പിക്സ് റെക്കോർഡോർടെ

ടോക്യോ ഒളിമ്പിക്സിലെ ആദ്യ ഇരട്ട സ്വർണം ഓസ്ട്രേലിയയുടെ നീന്തൽ താരം ആരിയാൻ റ്റിറ്റ്മസിന്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലാണ് താരത്തിൻ്റെ രണ്ടാം സ്വർണനേട്ടം. നേരത്തെ 400 മീറ്റർ ഫ്രീസ്റ്റൈലിലായിരുന്നു താരത്തിൻ്റെ ആദ്യ സ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം നേടിയതിനു പിന്നാലെ പരിശീലകൻ ഡീൻ ബോക്സലിൻ്റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. (Ariarne Titmus gold olympics)

അമേരിക്കൻ ഇതിഹാസ താരമായ കേറ്റി ലെഡെക്കി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനീസ് താരം സിയോഭാൻ ബെർനഡെട്ട് ആയിരുന്നു റ്റിറ്റ്മസിന് കടുത്ത വെല്ലുവിളി ഉയർത്തിയത്. അവസാന 20 മീറ്റർ വരെ ചൈനീസ് താരത്തിനായിരുന്നു ലീഡ്. എന്നാൽ, അവസാനത്തിൽ നീന്തിക്കയറിയ റ്റിറ്റ്മസ് സ്വർണനേട്ടം സ്വന്തമാക്കുകയായിരുന്നു. 1.53.50 ആണ് റ്റിറ്റ്മസിൻ്റെ സമയം. ഇത് ഒളിമ്പിക്സ് റെക്കോർഡ് ആണ്. 1.53.92 സമയത്തോടെ സിയോഭാൻ വെള്ളിയും 1.54.70 എന്ന സമയത്തോടെ കാനഡയുടെ പെന്നി ഒലെക്സിയാക്ക് വെങ്കലവും നേടി.

400 മീറ്റർ ഫ്രീസ്റ്റൈലിൽ ലെഡെക്കിയെ മറികടന്നായിരുന്നു ആരിയാൻ റ്റിറ്റ്മസിൻ്റെ മെഡൽ നേട്ടം. മുൻപ് ഒരു തവണ പോലും ഒരു ഒളിമ്പിക്സ് ഫൈനൽ പരാജയപ്പെടാത്ത താരമാണ് ലെഡെക്കി. കരിയറിൽ ആദ്യമായാണ് താരം ആദ്യ രണ്ട് സ്ഥാനങ്ങളിൽ പെടാതിരിക്കുന്നത്. 800 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരുതവണ കൂടി ലെഡെക്കിയും റ്റിറ്റ്മസും ഏറ്റുമുട്ടും.

അതേസമയം, ഇന്ത്യക്ക് ഇന്ന് മെഡൽ പ്രതീക്ഷയുള്ള മത്സരങ്ങൾ ഉണ്ട്. 7.30ന് വനിതാ സിംഗിൾസ് ബാഡ്മിൻ്റൺ ഗ്രൂപ്പ് ഘട്ടത്തിൽ പിവി സിന്ധു ഹോങ് കോങ് താരം ച്യുങ് ങാൻ യിയെ നേരിടും. 7.31ന് പുരുഷ അമ്പെയ്ത്ത് എലിമിനേഷനിൽ തരുൺദീപ് റായ് ഉക്രൈൻ്റെ ഒലെക്സി ഹുൻബിൻ പോരാട്ടം. 8 മണിക്ക് തുഴച്ചിൽ ഡബിൾ സ്കൾസ് സെമിഫൈനലിൽ അർജുൻ ജാട്ട്-അരവിന്ദ് സിംഗ് സഖ്യം ഇറങ്ങും. 8.35നു നടക്കുന്ന കപ്പലോട്ടത്തിൽ ഗണപതി കേലപൻഡ-വരുൺ തക്കാർ സഖ്യം മത്സരിക്കും.