ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ൽ അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
അർജന്‍റീനയിൽ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്. വിഷാദ രോഗത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാള്‍ ആഘോഷിച്ചത്.
തനിക്ക് മഹാനായ സുഹൃത്തിനെ നഷ്ടമായി. ലോകത്തിന് ഇതിഹാസത്തെയും. ഇനി സ്വർഗത്തിൽ പന്തുതട്ടാം- വിഖ്യാത താരം പെലെ കുറിച്ചു. മറഡോണയുടെ സ്നേഹ വാൽസല്യങ്ങളും വിമർശനവും ഒരുപോലെ ഏറ്റുവാങ്ങിയ മെസ്സി ഇൻസ്റ്റഗ്രാമിൽ എഴുതിയതിങ്ങനെ- ഏറ്റവും ദുഖഭരിതമായ ദിനം. ഡീഗോ നിങ്ങൾ മരിക്കുന്നില്ല. പ്രിയസുഹൃത്തിന്, മരണമില്ലാത്ത പ്രതിഭക്ക് വിടയെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമാനതകളില്ലാത്ത മാന്ത്രികന് പകരക്കാരില്ലെന്നും സിആർ 7 കുറിച്ചു.
ക്ലബിന്റെ ചരിത്രത്തിലെ ഏക്കാലത്തെയും ഉജ്വല നിമിഷങ്ങൾ സമ്മാനിച്ച താരത്തിന് നാപ്പോളി ക്ലബ് വിട നല്‍കി. എല്ലാ സുന്ദര നിമിഷങ്ങള്‍ക്കും നന്ദിയെന്ന് എഫ് സി ബാർസലോണ. ചെല്‍സിയാകട്ടെ മറഡോണ ക്ലബ് സന്ദര്‍ശിച്ചപ്പോഴുള്ള നിമിഷങ്ങള്‍ പങ്കുവെച്ചു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഉസൈന്‍ ബോള്‍ട്ട് തുടങ്ങി നൂറുകണക്കിന് കായിക താരങ്ങളും ക്ലബുകളും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് ആദരസൂചകമായി മൌനം ആചരിച്ചു.