Football Sports

അണ്ടർ 23: ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കൾ

അണ്ടർ 23 ടീമുകൾ മാറ്റുരച്ച യുനൈറ്റഡ് ഫുട്‌ബോൾ ഫെസ്റ്റിവൽ ടൂർണമെന്റിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന ജേതാക്കളായി. സ്‌പെയിനിലെ കാനറി ദ്വീപിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. നാലാം മിനുട്ടിൽ നിക്കോളാസ് കപാൽഡോ ആണ് മത്സരത്തിലെ ഏകഗോൾ നേടിയത്.

ജനുവരിയിൽ നടക്കുന്ന ദക്ഷിണ അമേരിക്കൻ ഒളിംപിക്‌സ് യോഗ്യതക്കു മുമ്പത്തെ അവസാന ടൂർണമെന്റായിരുന്നു യുനൈറ്റഡ് ഇന്റർനാഷണൽ ടൂർണമെന്റ്. ആർ.ബി ലീപ്‌സിഷ് താരം മത്ത്യാസ് കുഞ്ഞയുടെ ഗോളിൽ യു.എസ്.എയെ തോൽപ്പിച്ചാണ് ബ്രസീൽ കലാശപ്പോരിന് യോഗ്യത നേടിയത്.

ചിലി ടീം അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടർന്ന് സംഘാടകർ തട്ടിക്കൂട്ടിയ യുനൈറ്റഡ് ഗ്രാൻ കനേറിയ എന്ന ടീമിനെയാണ് അർജന്റീനക്ക് നേരിടാനുണ്ടായിരുന്നത്. ഇരുപകുതികളിലും ഏഴു ഗോൾ വീതം നേടി 14-0 ന് ഫെർണാണ്ടോ ബാറ്റിസ്റ്റ പരിശീലിപ്പിച്ച ടീം കലാശപ്പോരിന് യോഗ്യത നേടി.

ഫൈനലിന്റെ അഞ്ചാം മിനുട്ടിൽ ബ്രസീൽ ഗോൾകീപ്പർ വരുത്തിയ ഭീമാബദ്ധമാണ് അർജന്റീനയുടെ ഗോളിൽ കലാശിച്ചത്. കീപ്പറുടെ പാസ് പിടിച്ചെടുത്ത മിഡ്ഫീൽഡർ മത്യാസ് സറാച്ചോ ബോക്‌സിലേക്കു മുന്നേറി. സറാച്ചോയുടെ ഗോൾശ്രമം ബ്രസീൽ കീപ്പർ തടഞ്ഞെങ്കിലും പന്ത് വീണ്ടെടുത്ത 15-ാം നമ്പർ താരം ഒഴിഞ്ഞുനിന്ന കപാൽഡോക്ക് കൈമാറുകയായിരുന്നു. ആളൊഴിഞ്ഞ പോസ്റ്റിൽ താരം പന്തടിച്ചു കയറ്റി.

സൗദിയിൽ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ചിരുന്നതിനാൽ അണ്ടർ 23 ടീമുകളുടെ മത്സരം വാശിയേറിയതായിരുന്നു. കളി മറന്ന് കളിക്കാർ കയ്യാങ്കളിയിലേർപ്പെട്ടപ്പോൾ റഫറിക്ക് ഒന്നിലേറെ തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു.