കോപ്പ അമേരിക്കയില്‍ അര്‍ജന്റീന നാളെ രണ്ടാം മത്സരത്തിനിറങ്ങും. പരാഗ്വെ ആണ് എതിരാളികള്‍. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുക തന്നെയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ ഖത്തറിനെ നേരിടും.
ആദ്യ മത്സരത്തിലെ തോല്‍വി അര്‍ജന്റീനയെ ഒന്നു ഞെട്ടിച്ചിട്ടുണ്ട്. കൊളംബിയയോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മെസ്സിയുടേയും കൂട്ടരുടേയും തോല്‍വി. പരാഗ്വെക്കെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ മനസിലില്ല. ആദ്യ മത്സരത്തില്‍ ഖത്തറിനോട് 2-2ന് സമനില വഴങ്ങിയാണ് പരാഗ്വെയുടെ വരവ്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഇതുവരെ പരാഗ്വേയോട് തോറ്റിട്ടില്ല. കളിച്ചതില്‍ 19 എണ്ണം അര്‍ജന്റീന ജയിച്ചപ്പോള്‍ 4 എണ്ണം സമനിലയായി.
എന്നാല്‍ അഗ്യൂറോയുടെ മോശം പെര്‍ഫോമന്‍സ് അര്‍ജന്റീനക്ക് തലവേദനയാകുന്നുണ്ട്. മെസ്സിയും അഗ്യൂറോയും പ്രതീക്ഷക്കൊത്ത് ഉയരാത്തത് ടീമിന്റെ ബാലന്‍സ് തന്നെ തെറ്റിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കോച്ച് പറഞ്ഞത്. ഖത്തറിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ഡെര്‍ലിസ് ഗോണ്സാലസിലാണ് പരാഗ്വേയുടെ പ്രതീക്ഷകള്‍. രാവിലെ ആറ് മണിക്കാണ് മത്സരം.