ഖത്തർ ലോകകപ്പിൻ്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇന്ന് നെതർലൻഡ്സ് അർജൻ്റീനയെ നേരിടും. മത്സരത്തിനു മുൻപ് തന്നെ വെല്ലുവിളി നടത്തിയ നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ മത്സരത്തിന് എരിവ് പകർന്നുകഴിഞ്ഞു. എന്നാൽ, പുറത്തെ വെല്ലുവിളികൾക്ക് കളത്തിൽ മറുപടി നൽകാനാവും അർജൻ്റീന ഇറങ്ങുക.
മെസിയെ പൂട്ടുന്നതെങ്ങനെയെന്ന് ക്വാർട്ടറിൽ കാണിച്ചുതരാം എന്നും ഞങ്ങൾക്ക് ഒരു കണക്കുതീർക്കാനുണ്ട് എന്നും വെല്ലുവിളിച്ചാണ് വാൻ ഗാൽ ടീമിനെ അണിനിരത്തുന്നത്. ഇരു ടീമുകളും അവസാനമായി ലോകകപ്പിൽ ഏറ്റുമുട്ടിയത് 2014ൽ സെമിയിലായിരുന്നു. അന്ന് നെതർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജൻ്റീന വീഴ്ത്തി. ഇതിന് കണക്കുതീർക്കാനുണ്ടെന്നാണ് വാൻ ഗാലിൻ്റെ വെല്ലുവിളി. സമകാലിക ഫുട്ബോളിലെ ഏറ്റവും മികച്ച സെൻ്റർ ബാക്കുകളിൽ ഒരാളായ വിർജിൽ വാൻ ഡൈക്കിനെ ഉപയോഗിച്ച് മെസിയെ പൂട്ടാനാവും നെതർലൻഡ്സിൻ്റെ ശ്രമം. എന്നാൽ, മെസിയെ പൂട്ടിയാലും അർജൻ്റീനയ്ക്ക് മുന്നേറാനാവുമെന്ന് മുൻ മത്സരങ്ങൾ തെളിയിച്ചതോടെ നെതർലൻഡ്സിന് പ്രതിരോധം ശക്തമാക്കേണ്ടിവരും. ഒരു ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ കളിക്കുന്ന നെതർലൻഡ്സിൻ്റെ തലവേദനയും ഇതാണ്. വിങ്ങുകളിലൂടെയുള്ള ആക്രമണം നെതർലൻഡ്സിന് തലവേദനയാണ്. അതുകൊണ്ട് തന്നെ മെസിയെ വിങ്ങിലേക്ക് മാറ്റി വാൻ ഡൈക്കിനെ ഡിസ്പൊസസ്ഡ് ആക്കിയുള്ള ആക്രമണങ്ങളും നെതർലൻഡ്സിനു നേരിടേണ്ടിവന്നേക്കും.
ഡിപോൾ, ഡി മരിയ എന്നീ സുപ്രധാന താരങ്ങൾ ഇന്ന് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാങ്കി ഡിയോങ്ങ്, വിർജിൽ വാൻ ഡൈക്ക്, ഡെൻസെൽ ഡംഫ്രൈസ്, ഡേലി ബ്ലിൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ ഡച്ച് പ്രതിരോധ നിര പൊട്ടിക്കാൻ ഇരുവരുടെയും സാന്നിധ്യം അനിവാര്യമാണ്. എൻസോ ഫെർണാണ്ടസ്, അലക്സിസ് മകലിസ്റ്റർ, ഹൂലിയ അൽവാരസ് തുടങ്ങിയ താരങ്ങളൊക്കെ വിവിധ മത്സരങ്ങളിൽ അർജൻ്റീനയ്ക്കായി തിളങ്ങി. ഇവരൊക്കെ വീണ്ടും ഒത്തുപിടിച്ചെങ്കിൽ അർജൻ്റീനയ്ക്ക് ഇന്ന് അനായാസം വിജയിക്കാനാവും. എതിരാളികൾക്കനുസരിച്ച് തന്ത്രം മെനയുന്ന ലയണൽ സ്കലോണി ഗാക്പോ, മെംഫിസ് ഡിപേ, ഡിയോങ്ങ് തുടങ്ങിയ താരങ്ങളെ നിയന്ത്രിച്ചുനിർത്താനാവും ശ്രമിക്കുക.