സൌദിയില്‍ നടന്ന അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ലയണല്‍ മെസിയുടെ കരുത്തില്‍ അര്‍ജന്റീനക്ക് ഏകപക്ഷീയമായ ഒരു ഗോളിന് ജയം. പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതടക്കം കിട്ടിയ അവസരങ്ങള്‍ ബ്രസീല്‍ നഷ്ടമാക്കി. ഇതിനിടെ, ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ മലയാളികളും സ്വദേശികളും മൂന്ന് മാസ വിലക്കിന് ശേഷം മടങ്ങിവന്ന മെസിയുടെ തിരിച്ചു വരവ് ആഘോഷമാക്കി.
തിരിച്ചുവരവിന് തിങ്ങി നിറഞ്ഞമിശിഹായുടെ റിയാദിലെ കിങ് സഊദ് സര്‍വകലാശാലാ സ്റ്റേഡിയം സാക്ഷിയായി. കോപ അമേരിക്ക സെമി ഫൈനലിലെയും കഴിഞ്ഞ വര്‍ഷം സൌദി തലസ്ഥാനമായ റിയാദില്‍ ബ്രസീലിനോട് ഒരു ഗോളിന് തോറ്റതിന്റെ കണക്കുകള്‍ അര്‍ജന്റീന ഇത്തവണ തീര്‍ത്തു. പത്താം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച മികച്ച പെനാള്‍ട്ടി അവസരം ഗബ്രിയേല്‍ ജീസസ് പാഴാക്കി. നിമിഷങ്ങള്‍ കഴിഞ്ഞ് പതിമൂന്നാം മിനിറ്റില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയെടുത്ത പെനാള്‍ട്ടി കിക്ക് ബ്രസീല്‍ ഗോളി അലിസണ്‍ തടഞ്ഞെങ്കിലും പന്തെടുക്കാനായില്ല. റീ ബൌണ്ട് ചെയ്ത് വന്ന പന്ത് മെസി വലയിലാക്കി.
കളിയുടെ 66ആം മിനിറ്റില്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് അലിസണ്‍ തടഞ്ഞു. എണ്‍പതാം മിനിറ്റിലെ കിക്കും ക്രോസ് ബാറിന് മുകളിലൂടെ നഷ്ടമായി. 66 ശതമാനം പന്തടക്കമുണ്ടായെങ്കിലും ബ്രസീലിന് ഷോട്ടുകള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. കോപ്പ അമേരിക്ക മത്സരത്തിനൊടുവില്‍ മൂന്ന് മാസത്തെ വിലക്ക് തീര്‍ത്തെത്തിയ മെസിയുടെ ശക്തമായ തിരിച്ചു വരവാണ് കളത്തില്‍ കണ്ടത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വയറിയാതെ കുതിക്കുകയാണ് അര്‍ജന്‍റീന.