Football Sports

അരങ്ങേറ്റത്തിൽ മെസ്സിയെ പിറകിലാക്കി അൻസു ഫാത്തി

ലാലിഗയിൽ ബാഴ്‌സലോണ റയൽ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളിന് തകർത്ത മത്സരത്തിൽ ചരിത്രം കുറിച്ച അരങ്ങേറ്റവുമായി 16-കാരൻ അൻസു ഫാത്തി. 78-ാം മിനുട്ടിൽ കാർലസ് പെരസിനു പകരക്കാരനായി കളത്തിലെത്തിയ ഫാത്തി ഈ നൂറ്റാണ്ടിൽ ബാഴ്‌സ സീനിയർ ടീമിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് സ്വന്തമാക്കി.

ലയണൽ മെസ്സി, ഉസ്മാൻ ഡെംബലെ, ലൂയിസ് സുവരാസ് എന്നീ പ്രമുഖ കളിക്കാർ പരിക്കു കാരണം ലഭ്യമല്ലാത്തതിനെ തുടർന്നാണ് ‘ജുവനിൽ എ’ ടീമിലെ താരത്തെ പരീക്ഷിക്കാൻ ബാഴ്‌സ കോച്ച് ഏണസ്‌റ്റോ വൽവെർദെ തീരുമാനിച്ചത്. 78-ാം മിനുട്ടിൽ ടീം 5-1 ന് മുന്നിൽ നിൽക്കെ താരം കളത്തിലിറങ്ങുകയും ചെയ്തു.

2002 ഒക്ടോബർ 31-ന് ഗിനിയ ബിസ്സാവുവിൽ ജനിച്ച അൻസുമാനെ ഫാത്തി 2013-ലാണ് ബാഴ്‌സയുടെ സ്‌കൂൾ ആയ ലാ മാസിയയിൽ ചേർന്നത്. കഴിഞ്ഞ സീസണിൽ ബാഴ്‌സ ബി ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും ബൂട്ടുകെട്ടാൻ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ യുവേഫ യൂത്ത് ലീഗ് സീസണിൽ നാല് ഗോൾ നേടുകയും മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെയാണ് താരം ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

31-ാം നമ്പർ ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയ ഫാത്തിയെ ഗാലറി നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. 85-ാം മിനുട്ടിൽ വലതുബോക്‌സിൽ നിന്നുള്ള താരത്തിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പുറത്തുപോയി. മത്സരശേഷം ഫാത്തിയെ കാത്ത് ടണലിന്റെ അറ്റത്ത് ലയണൽ മെസ്സി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗമാരതാരത്തെ ആലിംഗനം ചെയ്ത് അനുമോദിച്ച മെസ്സി ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവെച്ച് അഭിനന്ദിക്കുകയും ചെയ്തു.

1941-ലാണ് ബാഴ്‌സയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം ലാലിഗയിൽ കളിച്ചത്. പ്രതിരോധതാരമായ വിസന്റെ മാർട്ടിനസ് അരങ്ങേറ്റം കുറിക്കുമ്പോൾ പ്രായം 16 വയസ്സും ഒമ്പത് മാസവും ഏഴു ദിവസവും മാത്രം. 16 വയസ്സ് ഒമ്പത് മാസം 25 ദിവസം പ്രായമുള്ളപ്പോഴാണ് അൻസു ഫാത്തി അരങ്ങേറിയത്. ബൊയാൻ കിർകിച്ച് (17 വയസ്സ് 19 ദിവസം), മാർക്ക് മുനിയേസ (17-01-26), ലയണൽ മെസ്സി (17-03-22) എന്നിവരാണ് ബാഴ്‌സയുടെ പ്രായം കുറഞ്ഞ മറ്റ് അരങ്ങേറ്റക്കാർ.