ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയ്ക്ക് സർക്കാർ ജോലി ലഭിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം. താരത്തിന് സർക്കാർ ജോലി നൽകുമെന്ന് കായിക മന്ത്രി എ അബ്ദുൽ റഹ്മാൻ തനിക്ക് ഉറപ്പ് നൽകിയെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് സർക്കാർ ജോലി ലഭിക്കാതിരിക്കാൻ മുൻ താരങ്ങൾ ചരടുവലിച്ചു എന്ന് അനസ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ അനസിനു വേണ്ടി നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
ടിവി ഇബ്രാഹിമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
അനസ് എടത്തൊടികക്ക് സർക്കാർ ജോലി : സ്പോട്സ് വകുപ്പ് മന്ത്രിയിൽ നിന്നു ഉറപ്പ് ലഭിച്ചു. കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബോൾ താരം കൊണ്ടോട്ടിയുടെ അഭിമാനവും കൂടിയായ അനസ് എടത്തൊടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് സ്പോട്സ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ എനിക്ക് ഉറപ്പ് നൽകുകയുണ്ടായി. അനസ് എടത്തൊടിക കേരളത്തിന്റെ അഭിമാന താരമാണെന്നും അദ്ദേഹത്തിന് ജോലി നൽകുന്ന കാര്യം സർക്കാർ തീരുമാനമാണെന്നും നിലവിലെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
2016 മുതൽ 2020 വരെ ഇന്ത്യൻ ടീമിന് വേണ്ടി ഏഷ്യൻ കപ്പിലും, ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലും, 2010 ൽ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിലും, ഐ ലീഗ്, ഐ.എസ്.എൽ തുടങ്ങിയ ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് 14 വർഷമായി സജീവ സാന്നിദ്ധ്യമായി തുടരുകയാണ് കൊണ്ടോട്ടി സ്വദേശിയായ അനസ് എടത്തൊടിക. അഖിലേന്ത്യാ അന്തർ സർവ്വകലാശാല ചാമ്പ്യൻഷിപ്പിൽ കളിച്ചാൽ പോലും താരങ്ങൾക്ക് തൊഴിൽ കൊടുക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനസ് എടത്തൊടികയെ കണ്ടില്ലന്ന് നടിക്കുകയാണ്. വിവിധ ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടിയും സന്തോഷ് ട്രോഫി പോലെയുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടിയും കളത്തിലിറങ്ങി ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരങ്ങൾ വരെ നേടിയിട്ടുള്ള അനസ് എടത്തൊടികയെ പോലെയുള്ള ഒരു വലിയ കായിക പ്രതിഭക്ക് സർക്കാർ ജോലി വൈകുന്നത് നിരാശാജനകവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടന്നിയതും മന്ത്രിയുടെ ഉറപ്പ് ലഭിച്ചതും. നമ്മുടെ അഭിമാനമായ അനസിന് നീതി ലഭിക്കുന്നത് വരെ നമുക്ക് ഒന്നിച്ചു പോരാടാം.