ലോക ഫുട്ബോൾ ചരിത്രത്തിൽ ക്ലബ് മത്സരങ്ങളിൽ 500 ഗോളുകൾ എന്ന നാഴികക്കല്ല് ക്രിസ്റ്റിയാനോ റൊണാൾഡോ കടന്ന മത്സരത്തിൽ അൽ വെഹ്ദക്ക് എതിരെ അൽ നാസ്സറിന് കൂറ്റൻ വിജയം. വിജയത്തോടുകൂടി 37 പോയിന്റുകളുമായി അൽ നാസ്സർ സൗദി പ്രൊ ലീഗിൽ അൽ നാസ്സർ ഒന്നാം സ്ഥാനം തിരികെ പിടിച്ചു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് വീണ്ടും കളിക്കളത്തിൽ തെളിയിക്കുകയാണ് റൊണാൾഡോ.
മത്സരം ആരംഭിച്ചത് മുതൽ കളിക്കളത്തിൽ റൊണാൾഡോയുടെ സാന്നിധ്യം അൽ വെഹ്ദയെ പ്രതിരോധത്തിലാക്കി. താരത്തിലേക്ക് പന്ത് എത്താതിരിക്കാൻ അൽ വെഹ്ദയുടെ പ്രതിരോധം കിണഞ്ഞു ശ്രമിച്ചിരുന്നു. തുടക്കം മുതൽ തന്നെ റൊണാൾഡോ കടുത്ത ടാക്കിളുകൾക്ക് ഇരയായി. മത്സരത്തിൽ ഏറ്റവും അധികം തവണ ഫൗളുകൾക്ക് ഇരയായ താരം കൂടിയാണ് റൊണാൾഡോ. നിരന്തരമായി ബോക്സിൽ ഭീതി പടർത്തിയ താരം 21 ആം മിനുട്ടിൽ ലക്ഷ്യം കണ്ടു. തുടർന്ന് 40′, 53′ (പെനാൽറ്റി), 61′ മിനുട്ടുകളിലും താരം ഗോൾ നേടി.
വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ അൽ നാസറിന് സാധിച്ചിട്ടുണ്ട്. ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള അൽ ടാവൂനുമായാണ് അൽ നാസ്സറിന്റെ അടുത്ത മത്സരം. ഫെബ്രുവരി 17 വെള്ളിയാഴ്ച കിംഗ് സൗദി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.