ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ പരാജയപ്പെട്ടതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്താൻ പരിശീലകൻ ജൊനാതൻ ട്രോട്ട്. ശ്രീലങ്ക മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 37.4 ഓവറിൽ 289 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 37.1 ഓവറിൽ 292 റൺസ് നേടിയാൽ അഫ്ഗാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമായിരുന്നു. ഇതിനൊപ്പം 38.1 ഓവറിൽ 297 വരെ നേടിയാലും അവർ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിൽ സൂപ്പർ ഫോറിലെത്തുമായിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങളെ ആരും അറിയിച്ചില്ലെന്നും 37.1 ഓവറിൽ വിജലയക്ഷ്യം മറികടന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലെത്താൻ കഴിയൂ എന്നാണ് തങ്ങൾ കരുതിയതെന്നും ട്രോട്ട് പ്രതികരിച്ചു. 37ആം ഓവർ അവസാനിക്കെ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലായിരുന്ന അഫ്ഗാന് 38ആം ഓവറിൽ നിലതെറ്റുകയായിരുന്നു.
“ആ കണക്കുകളൊന്നും ഞങ്ങളോട് ആരും പറഞ്ഞില്ല. 37.1 ഓവറിനുള്ളിൽ ജയിച്ചാൽ അടുത്ത റൗണ്ടിലെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, 38.1 ഓവർ വരെ ഞങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരും പറഞ്ഞില്ല.”- ട്രോട്ട് പറഞ്ഞു.
37 ഓവറിൽ 289 റൺസ് എന്ന നിലയിൽ മുജീബ് റഹ്മാനായിരുന്നു സ്ട്രൈക്കർ എൻഡിൽ. മികച്ച രീതിയിൽ കളിച്ചുകൊണ്ടിരുന്ന റാഷിദ് ഖാൻ നോൺ സ്ട്രൈക്കർ എൻഡിലായിരുന്നു. ഒരു പന്തിൽ മൂന്ന് റൺസ് നേടണമെന്ന് തെറ്റിദ്ധരിച്ച് മുജീബ് 38ആം ഓവറിലെ ആദ്യ പന്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. അവസാന വിക്കറ്റായെത്തിയ ഫസലുൽ ഹഖ് ഫറൂഖി ഫുൾ ടോസ് പോലും പ്രതിരോധിച്ച് ഓവറിലെ നാലാം പന്തിൽ പുറത്താവുകയും ചെയ്തു. 38.1 ഓവർ വരെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സമയമുണ്ടെന്ന് അഫ്ഗാൻ മനസിലാക്കിയിരുന്നെങ്കിൽ 37.2 ഓവറിൽ 293, 37.3 ഓവറിൽ 294, 37.5 ഓവറിൽ 295, 38 ഓവറിൽ 296, 38.1 ഓവറിൽ 297 എന്നിങ്ങനെ സ്കോർ നേടിയാൽ അഫ്ഗാന് നെറ്റ് റൺ റേറ്റിൽ ശ്രീലങ്കയെ മറികടക്കാൻ കഴിയുമായിരുന്നു.
84 പന്തിൽ 92 റൺസ് നേടിയ കുശാൽ മെൻഡിൽ ശ്രീലങ്കക്കായി തിളങ്ങിയപ്പോൾ 32 പന്തിൽ 65 റൺസ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാൻ്റെ തിരിച്ചടിയ്ക്ക് ഊർജമായത്.