Sports

ടോക്യോ ഒളിമ്പിക്സ്: വനിതാ ഗോൾഫിൽ രണ്ടാം റൗണ്ടിലും അദിതി അശോക് രണ്ടാമത്

ടോക്യോ ഒളിമ്പിക്സ് വനിതാ ഗോൾഫിൽ രണ്ടാം റൗണ്ടിലും ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്. ഡെന്മാർക്കിൻ്റെ നന്ന മാഡ്സണൊപ്പം അദിതി രണ്ടാം സ്ഥാനം പങ്കിടുകയാണ്. ഇന്നലെ അദിതിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിട്ട അമേരിക്കയുടെ നെല്ലി കോർഡെയാണ് രണ്ടാം റൗണ്ടിൽ ഒന്നാം സ്ഥാനത്ത്. ആദ്യ റൗണ്ടിൽ ഒന്നാമത് ഫിനിഷ് ചെയ്ത സ്വീഡൻ്റെ മാഡ്ലിൻ സാഗ്സ്ട്രോം ഇന്ന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇനി രണ്ട് റൗണ്ടുകൾ കൂടിയാണ് അവശേഷിക്കുന്നത്. (aditi ashok second round golf)

അതേസമയം, പുരുഷന്മാരുടെ 86 കിലോഗ്രാം ഗുസ്തി വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യയുടെ ദീപക് പുനിയ പരാജയപ്പെട്ടു. സാൻ മരിനോയുടെ മൈൽസ് അമിനെയ്ക്കെതിരെയാണ് ഇന്ത്യൻ താരം കീഴടങ്ങിയത്. 4-2 ആണ് സ്കോർ. ആദ്യ ഘട്ടത്തിൽ 2 പോയിൻ്റുകൾക്ക് മുന്നിലെത്തിയ ദീപകിനെതിരെ ഒരു പോയിൻ്റ് നേടി സാൻ മരീനോ താരം തിരികെവന്നു. തുടർന്ന് പൂർണമായും പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞ ദീപകിനെതിരെ അവസാന 15 സെക്കൻഡുകളിൽ നടത്തിയ ആക്രമണമാണ് മൈൽസിന് നാടകീയ ജയം നേടിക്കൊടുത്തത്.

നേരത്തെ, പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലിൽ ഇന്ത്യയുടെ രവി കുമാർ ദഹിയക്ക് തോൽവി നേരിട്ടു. റഷ്യൻ താരം സൗർ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാർ കീഴടങ്ങിയത്. ഇതോടെ താരം വെള്ളിമെഡൽ നേടി. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ രണ്ടാം വെള്ളിമെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്.

രണ്ട് തവണ ലോക ചാമ്പ്യൻ 2 പോയിൻ്റിനു മുന്നിലെത്തിയ റഷ്യൻ താരത്തിനിനെതിരെ 2 പോയിൻ്റുകൾ നേടി രവി തിരികെ വന്നെങ്കിലും അടുത്ത നീക്കത്തിൽ രണ്ട് പോയിൻ്റുകൾ നേടിയ ഉഗുയേവ് രണ്ടിനെതിരെ 4 പോയിൻ്റുകൾക്ക് മുന്നിലെത്തി. രണ്ടാം ഘട്ടത്തിൽ യുഗുയേവ് ഒരു പോയിൻ്റ് കൂടി നേടി ലീഡ് വർധിപ്പിച്ചു. മത്സരത്തിലേക്ക് തിരികെവരാൻ രവി കുമാർ ശ്രമിച്ചെങ്കിലും രണ്ട് പോയിൻ്റുകൾ കൂടി നേടിയ റഷ്യൻ താരം അഞ്ച് പോയിൻ്റ് ലീഡ് നേടി കളിയിൽ ആഥിപത്യം നേടി. എന്നാൽ തിരികെവന്ന രവി 2 പോയിൻ്റുകൾ കൂടി സ്വന്തമാക്കി 4-7 എന്ന നിലയിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ രവി കുമാർ ജയത്തിനായി കിണഞ്ഞുശ്രമിച്ചെങ്കിലും റഷ്യൻ താരത്തിൻ്റെ പ്രതിരോധം ഭേദിക്കാനായില്ല.