റെക്കോർഡുകൾ വാരികൂട്ടുന്ന യന്ത്രമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്നത്തേയും പോലെ റൊണാൾഡോയുടെ കരിയറിലേക്ക് ഒരുപാട് റെക്കോർഡുകൾ തുന്നിചേർത്താണ് 2018ഉം കടന്ന് പോയത്. കഴിഞ്ഞ വർഷത്തെ റൊണാൾഡോയുടെ അഞ്ച് മികച്ച റെക്കോർഡുകളിലൂടെ.
ബാലൻ ഡി യോര്‍ ചരിത്രത്തിന്റെ ഗതിമാറിയ വർഷം കൂടിയായിരുന്നു 2018. കഴിഞ്ഞ പത്ത് വര്‍ഷമായി റൊണാൾഡോയിലും മെസ്സിയിലും മാത്രം കറങ്ങിയിരുന്ന ബാലൻ ഡി യോർ ഇപ്രാവശ്യം കൊണ്ടുപോയത് ലൂക്കാ മോഡ്രിച്ചായിരുന്നു. എന്നാൽ അതിലും റൊണാൾഡോ പുതിയ റെക്കോർഡ് ചേർത്തുവെച്ചു.
ഏറ്റവും മികച്ച വ്യക്തിഗത പുരസ്കാരമായ ബാലൻ ഡി യോറിന് 15 പ്രാവശ്യമാണ് ഈ പോർച്ചുഗീസ് താരം നോമിനേറ്റ് ചെയ്യപ്പെട്ടത്. 2000ത്തില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ 18കൊല്ലത്തെ പ്രൊഫഷണൽ കരിയറിനുള്ളിൽ 15 പ്രാവശ്യം ബാലൻ ഡി യോറിന് നോമിനേറ്റ് ചെയ്യപ്പെട്ടത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്.
2009ൽ 80 മില്യൺ യൂറോ വിലയിലാണ് റൊണാൾഡോ റയലുമായി കരാര്‍ ഒപ്പിടുന്നത്. അന്നത്തെ ഏറ്റവും വിലയുള്ള താരമായിരുന്നു അദ്ദേഹം. എന്നാൽ 2018 സമ്മറിൽ 105 മില്യൺ യൂറോക്കാണ് റൊണാൾഡോ യുവന്റസുമായി കരാർ ഒപ്പിട്ടത്. അത് അദ്ദേഹത്തെ എന്നത്തെയും മുപ്പത് വയസ്സിന് മുകളിലുള്ള ഏറ്റവും വിലയുള്ള താരം എന്ന പദവിലേക്കുയർത്തി.