2022ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതയില്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ഒമാനിലെ അല്‍ സബീബ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ഇന്ന് രാത്രി എട്ടരക്കാണ് മത്സരം. ആദ്യ റൗണ്ടില്‍ ഇന്ത്യയെ ഒമാന്‍ 1-2ന് തോല്‍പിച്ചിരുന്നു. ഖത്തര്‍ ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാന മത്സരമായാണ് ഇത് കണക്കാക്കുന്നത്.
ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ റാങ്കിംങില്‍ മുന്നിലുള്ള ഒമാനോട്(84) ജയിക്കുക മാത്രമേ ഇന്ത്യയുടെ മുന്നില്‍ വഴിയുള്ളൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയിന്റ് മാത്രം നേടിയ ഇന്ത്യ നിലവില്‍ ഗ്രൂപ്പ് ഇയില്‍ നാലാമതാണ്.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന് നാല് കളികളില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയും അടക്കം പത്ത് പോയിന്റുണ്ട്. ഖത്തറിനെതിരെ മാത്രം തോല്‍വി അറിഞ്ഞ ഒമാന്‍ മൂന്ന് ജയത്തോടെ ഒമ്പത് പോയിന്റുമായി രണ്ടാമതാണ്. നാല് പോയിന്റുള്ള അഫ്ഗാനിസ്ഥാനാണ് മൂന്നാമത്.
അഫ്ഗാനിസ്ഥാനെതിരെ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന്റെ ബലത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ(1-1) സമനിലയോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരായ കളിയിലും അവസാന നിമിഷം വരെ ഒരു ഗോള്‍ ലീഡ് വഴങ്ങിയ ഇന്ത്യ ഇഞ്ചുറി ടൈമില്‍ ആദില്‍ഖാന്‍ നേടി ഗോളിലൂടെയാണ് സമനില നേടിയത്. ശക്തരായ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത് മാത്രമാണ് ഇന്ത്യയുടെ എടുത്തു പറയാവുന്ന നേട്ടം.
ഒമാനെതിരെ ഇതുവരെ കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ എട്ടിലും ഇന്ത്യ തോറ്റിരുന്നു. ഏറ്റവും ഒടുവില്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഒമാനെതിരെ ഇന്ത്യ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയതായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ഒത്തിണക്കിമില്ലായ്മ മുതലെടുത്ത ഒമാന്‍ 2-1ന് ജയിച്ചു.
ഗോളി ഗുര്‍പ്രീത് സിംങിനൊത്ത സഹായം നല്‍കുന്ന പ്രതിരോധത്തിന്റെ അഭാവവും കളിമെനയാന്‍ മാത്രം ഭാവനയില്ലാത്ത മധ്യനിരയുമാണ് ഇന്ത്യയുടെ സ്ഥിരം തലവേദന. അതേസമയം, ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അനസ് എടത്തൊടിക ടീമിനൊപ്പം ചേരുന്നത് പ്രതിരോധത്തിന്റെ കരുത്ത് കൂട്ടും. മുന്നേറ്റത്തില്‍ ഛേത്രിക്ക് ഒപ്പം നില്‍ക്കാവുന്നയാളെ ലഭിക്കാത്തതും പോരായ്മയാണ്.
ജയത്തില്‍ കുറഞ്ഞ ഒന്നും തൃപ്തിപ്പെടുത്താത്തതിനാല്‍ ഇന്ത്യ ഗംഭീര പ്രകടനം നടത്തുമെന്നാണ് ആരാധക പ്രതീക്ഷ. മത്സരം സ്റ്റാര്‍സ്‌പോര്‍ട്‌സ് ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും തല്‍സമയം കാണാനാകും.