ഖത്തറിൽ ട്രോഫി നേടിയതിന് ശേഷം ആദ്യമായി അർജന്റീന നാട്ടിൽ കളിക്കുന്നത് കാണാൻ ടിക്കറ്റിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകൾ.
വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി അർജന്റീനിയൻ മാധ്യമം ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 24 ന് പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിനാണ് വെബ്‌സൈറ്റിൽ 1.3 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തത്.
ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് അർജന്റീനയും പനാമയും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുക. 80,000 മാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മണ്ണിൽ അർജന്റീന പന്ത് തട്ടാൻ ഇറങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. 30 ഡോളറാണ് സാധാരണ ടിക്കറ്റിന്റെ വില. പ്രീമിയം ടിക്കറ്റിന്‍റെ വില 130 ഡോളറാണ്.
തിങ്കളാഴ്ച മുതൽ ടീം സ്ക്വാഡിലെ അംഗങ്ങൾ അർജന്റീനയുടെ തലസ്ഥാനത്ത് എത്തുന്നുണ്ട്. മാർച്ച് 28 ന് സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിൽ കുറക്കാവോയ്‌ക്കെതിരെ അർജന്റീന മറ്റൊരു സൗഹൃദ മത്സരം കളിക്കും.