തുടര്‍ജയങ്ങള്‍ക്ക് ഒടുവില്‍ മൂന്നാമത്തെ മത്സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്. എഫ്.എ കപ്പില്‍ 2-0ത്തിനാണ് ചെല്‍സി ലിവര്‍പൂളിനെ മറികടന്നത്…
പ്രീമിയര്‍ ലീഗില്‍ ജയം ശീലമാക്കിയ ലിവര്‍പൂളിന് വീണ്ടും അടിതെറ്റി. തുടര്‍ജയങ്ങള്‍ക്ക് ഒടുവില്‍ മൂന്നാമത്തെ മത്സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്. എഫ്.എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ചെല്‍സിയാണ് ലിവര്‍പൂളിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചത്.
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ ജയിച്ച് ജൈത്രയാത്ര നടത്തിയ ലിവര്‍പൂളിനെ ആദ്യം തോല്‍വിയുടെ രുചി അറിയിച്ചത് അത്‌ലറ്റികോ മാഡ്രിഡായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ത്തിന് ജയിച്ചു. കഥ കഴിഞ്ഞിട്ടില്ലെന്നും രണ്ടാം പാദം ആന്‍ഫീല്‍ഡിലാണെന്നുമായിരുന്നു അപ്പോള്‍ ക്ലോപ്പും ലിവര്‍പൂളും ആശ്വസിച്ചത്.
ശേഷം നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ വെസ്റ്റ്ഹാം 2-1ന് മുന്നിലെത്തിയെങ്കിലും അവസാനത്തെ 22 മിനറ്റില്‍ സലാഹും മാനെയും അടിച്ച ഗോളുകളില്‍ ലിവര്‍പൂള്‍ തന്നെ ജയിച്ചു. എന്നാല്‍ ചാമ്പ്യന്‍മാരുടെ പെരുമയുമായി എത്തിയ ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ് ഞെട്ടിക്കുന്ന തോല്‍വി സമ്മാനിച്ചാണ് മടക്കിയത്. തരംതാഴ്ത്തല്‍ ഭീഷണിയില്‍ പോയിന്റ് നിലയില്‍ പ്രീമിയര്‍ ലീഗിലെ അവസാന ഭാഗത്തുള്ള വാറ്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു ലിവര്‍പൂളിനെ തകര്‍ത്തത്.
ഒടുവിലിതാ എഫ്.എ കപ്പ് പ്രീക്വാര്‍ട്ടറില്‍ ചെല്‍സി 2-0ത്തിന് ക്ലോപിന്റെ സംഘത്തെ തോല്‍പിച്ചിരിക്കുന്നു. വില്യനും റോസ് ബാര്‍ക്ലിയുമാണ് ചെല്‍സിക്കായി ഗോളുകള്‍ നേടിയത്. മുഹമ്മദ് സലായും റോബര്‍ട്ടോ ഫിര്‍മിനോയും പുറത്തിരുത്തി വാറ്റ്‌ഫോര്‍ഡിനോട് തോറ്റ സംഘത്തില്‍ നിന്നും ഏഴ് മാറ്റങ്ങളുമായാണ് ക്ലോപ് ടീമിനെ ഇറക്കിയത്.
കളി തുടങ്ങി 15 മിനിറ്റില്‍ വില്യന്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. മാനെ അവസരങ്ങള്‍ തുലച്ചതും ചെല്‍സി ഗോളി അരിസലബാഗയുടെ സേവുകളും ചെല്‍സിക്ക് തുണയായി. 64ആം മിനുറ്റില്‍ റോസ് ബാര്‍ക്ലിയുടെ ഗോളോടെ ചെല്‍സി മത്സരം കൈപ്പിടിയിലാക്കി. പ്രീമിയര്‍ ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ച ലിവര്‍പൂളിന്റെ മൂന്ന് കിരീടമെന്ന സ്വപ്‌നമാണ് ചെല്‍സി തകര്‍ത്തത്.