Football Sports

ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ ഫിഫക്ക് താൽപര്യമെന്ന് റിപ്പോർട്ട്

2022 ലെ ഖത്തർ ലോകകപ്പിൽ കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നൽകാൻ അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് താൽപര്യമെന്ന് റിപ്പോർട്ട്. ഫിഫയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ കഴിഞ്ഞ മാസം കുവൈത്ത് അമീറിനെ സന്ദർശിച്ചതും കഴിഞ്ഞ ഞായറാഴ്ച ഒമാൻ സന്ദർശിച്ചതും ഈ ഉദ്ദേശ്യത്തിലാണെന്നാണ് റിപ്പോർട്ട്.

2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം 48 ആക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത ലോകകപ്പിൽ തന്നെ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ എന്നാണു റിപ്പോർട്ടുകൾ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളത്. 32 ടീമുകൾ പങ്കെടുക്കുമ്പോൾ 28 ദിവസങ്ങളിലായി 64 മത്സരങ്ങളാണ് ഉണ്ടാവുക. എട്ട് സ്റ്റേഡിയങ്ങളാണ് ഇതിനായി ഖത്തർ സജ്ജീകരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുമ്പോൾ കളികൾ 80 ആയി ഉയരുകയും 12 സ്റ്റേഡിയങ്ങൾ വേണ്ടിവരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് കുവൈത്തിനും ഒമാനും സഹ ആതിഥേയത്വ സാധ്യത തെളിയുന്നത്. ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫാന്റീനോ അടുത്തിടെ ഇരു രാജ്യങ്ങളിലും നടത്തിയ സന്ദർശനത്തിൽ ഈ വിഷയം ചർച്ചയായതായാണ് സൂചന. ഫ്ലോറിഡയിൽ അടുത്തയാഴ്ച നടക്കുന്ന ഫിഫ യോഗത്തിൽ ടീമുകളുടെ എണ്ണം സംബന്ധിച്ചു അന്തിമ തീരുമാനം ആകുമെന്നാണ് കരുതപ്പെടുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് ചുരുങ്ങിയത് 40000 ആളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം വേണമെന്നാണ് ഫിഫയുടെ നിബന്ധന. 65000 പേരെ ഉൾക്കൊള്ളുന്നതാണ് കുവൈത്തിലെ ജാബിർ സ്റ്റേഡിയം.