Football Sports

മെസി തീയില്‍ ന്യൂ കാംപില്‍ ചാമ്പലായി ലിവര്‍പൂള്‍

അതെ, മെസി വീണ്ടും അത്ഭുതങ്ങൾ പുറത്തെടുത്തിരിക്കുന്നു. മത്സരത്തിന്റെ 82ാം മിനിറ്റിൽ ന്യൂ കാംപിൽ മിശിഹാ അവതരിച്ചു. ലോകത്തെ ഒരു ഗോൾ കീപ്പറിനും യാതൊന്നും ചെയ്യാനില്ലാത്ത ആ ഫ്രീകിക്ക് ഗോൾ ലിവർപൂളിന്റെ വലകീറി മുറിച്ചു. ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തിരിക്കുകയാണ് ബാഴ്സലോണ.

മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബാഴ്സയും ലിവര്‍പൂളും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു. ഇരുടീമുകളും അവസരങ്ങള്‍ ഉണ്ടാക്കികൊണ്ടേയിരുന്നു. ഇരുബോക്സിലേക്കും പന്ത് കയറി ഇറങ്ങിയ ആദ്യപാദത്തില്‍ ലിവര്‍പൂള്‍ മുന്‍താരം സുവാരസാണ് ബാഴ്സയുടെ അകൌണ്ട് തുറക്കുന്നത്. മത്സരത്തിന്റെ 26ാം മിനിറ്റിൽ ജോഡി ആൽബയുടെ സുന്ദര പാസ് സ്വീകരിച്ച് പ്രതിരോധത്തെ എല്ലാം വെട്ടിച്ചുള്ള സുവാരസിന്റെ മനോഹരമായ ഫിനിഷിങ്ങിലൂടെ ആദ്യഗോള്‍ പിറന്നു.

ആദ്യപാദത്തില്‍ ചുവപ്പ്പട ആറ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഒന്നുപോലും ലക്ഷ്യം കണ്ടില്ല. എന്നാല്‍ രണ്ടാം പാദം തുടങ്ങിയത് തന്നെ ലിവര്‍പൂളിന്‍റെ മികച്ച അവസരത്തിലൂടെയാണ്. പിക്വയും ലെഗ്‍ലെയും നേത്യത്വം നല്‍കുന്ന പ്രതിരോധത്തെ തകര്‍ക്കാന്‍ മാനേക്കും സലാഹിനുമൊന്നുമായില്ല.

മത്സരത്തിന്റെ 75ാം മിനിറ്റില്‍ ബാഴ്സയുടെ മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ സുവാരസ് പന്ത് പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ബാറില്‍ തട്ടി പന്ത് മെസിയുടെ കാലുകളിലേക്കിറങ്ങി. ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് മെസി അനായാസം പന്ത് തട്ടിയിട്ടു. രണ്ടാം ഗോളും പിറന്നതോടെ ചുവപ്പ്പട പൂര്‍ണമായും തകര്‍ന്നു.


82ാം മിനിറ്റിലാണ് ന്യൂകാംപ് അക്ഷരാര്‍ത്ഥത്തില്‍ ഇരമ്പിയത്. മിശിഹായുടെ മനോഹരമായ ഫ്രീകിക്ക് ഗോള്‍. ആര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത കിക്ക്. കളിക്കാരും കാണികളെപോലെ കാഴ്ച്ചക്കാരായ നിമിഷമായിരുന്നു അത്. അങ്ങനെ ബാഴ്സലോണ ലിവര്‍പൂളിനെതിരെ മൂന്ന് ഗോളിന്‍റെ ആധികാരിക ജയം സ്വന്തമാക്കി.


സലാഹിനും മാനേക്കും അവസരങ്ങള്‍ കിട്ടിയെങ്കിലും ഒന്നും ഗോളാക്കാനായില്ല. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ സലാഹിന് കിട്ടിയ ഓപ്പണ്‍ ചാന്‍സ് ബാറില്‍ തട്ടിതെറിക്കുകയായിരുന്നു.


ന്യൂകാംപില്‍ മൂന്ന് ഗോളിന് തകര്‍ന്നിരിക്കുകയാണ് ലിവര്‍പൂള്‍. രണ്ടാം പാദത്തില്‍ ലിവര്‍പൂളിന്‍റെ മൈതാനത്ത് മെയ് എട്ടിനാണ് രണ്ടാം പാദം. ബാഴ്സയുടെ എവേ പ്രകടനങ്ങള്‍ പലപ്പോഴും മങ്ങാറുണ്ടെങ്കിലും ആന്‍ഫീള്‍ഡില്‍ തിരിച്ചുവരുക ലിവര്‍പൂളിന് പ്രയാസം തന്നെയായിരിക്കും.