നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റികൊണ്ട് ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവി എടുത്തതിന്റെ ,നമ്മുടെ മലയാളത്തിന്റ ജൻമദിനം, സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച് നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി ഈ വർഷവും വളരെ സജീവമായ പ്രവർത്തനങ്ങളിലൂടെ സ്വിസ് മലയാളികളുടെ കലാ സാംസ്കാരിക കളിയരങ്ങായി മാറിയിരിക്കുന്ന വേൾഡ് മലയാളീ കൌൺസിൽ സ്വിസ് പ്രൊവിൻസ് വർണാഭമായ കേരള പിറവി ആഘോഷമൊരുക്കിയിരിക്കുന്നു നവംബർ പതിമൂന്നിന് സൂറിച്ചിൽ .
അതി മനോഹരമായ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിൽ ഐക്യ കേരളം 65 വര്ഷം പൂർത്തിയാക്കുമ്പോൾ ,പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളിലും ,സന്തോഷത്തിലും കാലചക്രം മുന്നോട്ടു നീങ്ങുമ്പോൾ പ്രവാസലോകത്തു ഇങ്ങനെയുള്ള ആഘോഷങ്ങൾ പ്രവാസിയെ വീണ്ടും മനസ്സുകൊണ്ടെങ്കിലും മാമാലനാട്ടിലെത്തിക്കുവാനിടയേകും .
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന എല്ലാ സഹപ്രവർത്തകരെയും വേൾഡ് മലയാളീ കൗൺസിൽ ആഘോഷവേദിയിൽ ആദരിക്കുകയാണ് (Salute The Warriors) ..
മുൻവർഷങ്ങളിലെ കേരളപ്പിറവി ആഘോഷത്തിലൂടെ , ഡാൻസ് കൊറിയോഗ്രാഫിയിൽ കലാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്ത ശ്രീമതി റോസ്‌മേരി സ്വിസ്സിലെ യുവപ്രതിഭകളെ ഈ വർഷവും മറ്റൊരു നാട്യവിസ്മയവുമായി കേരളപ്പിറവി ആഘോഷവേദിയിലെത്തിക്കുകയാണ് കൂടാതെ വിരലുകളിലൂടെ ഒഴുകുന്ന സകലകലയുടെ സ്വരമാധുരിയായ അനുപമഗീതികളുമായി ബഹുമുഖപ്രതിഭ അനൂപ് കോവളം ഒരുക്കുന്ന സംഗീതവിരുന്നിനോടൊപ്പം സ്വിറ്റസർലണ്ടിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും ഒത്തു ചേരുന്ന സംഗീതനൃത്ത സായാഹ്നവിരുന്നിനാണു ഈ വര്ഷം തിരശീല ഉയരുക .
പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതിയില്‍ കാലങ്ങള്‍ തള്ളിവിടുമ്പോഴും വലിയ ഒരളവുവരെ ‘കൊച്ചു കേരളത്തിന്റെ’ ഓര്‍മയില്‍ നമ്മൾ ജീവിക്കുമ്പോൾ മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസു നടത്തുന്ന കേരളപ്പിറവി ആഘോഷത്തിലേക്ക് പ്രൊവിൻസ് ചെയർമാൻ ജോണി ചിറ്റക്കാട്ട് ,പ്രസിഡന്റ് സുനിൽ ജോസഫ് ,സെക്രെട്ടറി മിനി ബോസ് ,ട്രെഷറർ ജിജി ആന്റണി എന്നിവർ സ്വിസ്സിലെ എല്ലാ കലാസ്നേഹികളേയും കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തപ്പെടുന്ന. ഈ ആഘോഷരാവിലേക്കു സ്വാഗതം ചെയ്യുന്നതായി അറിയിച്ചു .