വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ .
അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ കഥ വിരിയിക്കുന്ന എഴുത്തുകാരെപ്പോലെയല്ല ഒരു ഫോട്ടോഗ്രാഫർ . അയാൾ ഒപ്പിയെടുക്കുന്നത് മൗലികവും സത്യസന്ധവും യാഥാർത്ഥവുമായ വസ്തുതകളാണ് .
സ്മാർട് ഫോണുകളുടെ കടന്നുവരവോടെ കാമറ മനുഷ്യന്റെ സന്തതസഹചാരിയായി മാറിയിട്ടുണ്ടെങ്കിലും ഭാവനയും സർഗാത്മകതയും നല്ല ക്യാമറയും സംഗമിക്കുമ്പോൾ മാത്രമേ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളു .മറ്റു ജനകീയ കലകളിലെന്നപോലെതന്നെ ഫോട്ടോഗ്രാഫിയിലും കഴിവുതെളിയിച്ചിട്ടുള്ള നിരവധി പേര് നമുക്കിടയിലുണ്ട് .
സ്വിസ്സിലെ മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട് അതിൽ അനുഗ്രഹീത യുവഫോട്ടോഗ്രാഫറായ വിമൽ ചിറ്റക്കാട്ട് തന്റെ നിക്കോൺ D3100 ക്യാമെറക്കണ്ണിലൂടെ പകർത്തിയ മിഴിവുറ്റ ചിത്രങ്ങൾ അതിന്റെ വത്യസ്തതകൊണ്ടും കലാമേന്മകൊണ്ടും വേറിട്ടുനിൽക്കുന്നവയാണ് .
പൂക്കളും പുഴകളും പൂമരങ്ങളും ഉൾപ്പെടെ തന്റെ ചുറ്റുമുള്ള പൃകൃതിയാണ് വിമലിന്റെ ചിത്രങ്ങൾക്ക് വിഷയീഭവിച്ചിരിക്കുന്നത് .കൊയ്ത്തു പാട്ടിന്റെ ഈണമുള്ള പൊൻകതിർ പാടങ്ങളും പച്ചപ്പരവതാനിക്ക് അതിരുതിരിക്കുന്ന പാടവരമ്പുകളും കതിർവാലൻ കുരുവികളും കൂടാതെ പട്ടണത്തിന്റെ തിരക്കുകളുമെല്ലാം വിമലിന്റെ കാമറ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു .
അതിമനോഹരങ്ങളായ ആയിരത്തിയഞ്ഞൂറോളം ചിത്രങ്ങൾ MV (my view ) എന്നപേരിൽ വിമൽ തന്റെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വെബ്ലി ങ്ക് വഴി കാണാവുന്നതാണ് .