അമ്മയ്ക്കാരുമ്മ – Tom Kulangara
“യൗവനം സൗഖ്യത്തിന്റെ പടവുകൾ താണ്ടീടുമ്പോൾ,
വാർദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.”
പെറ്റുവീണ പൈതലിൻ ആദ്യകരച്ചിൽ കേട്ട് സന്തോഷിക്കുന്ന അമ്മയുടെ പ്രാർത്ഥന ഇനി എന്റെ കുട്ടി കരയാൻ ഇടവരരുതേയെന്നാണ്. മാതൃസ്നേഹത്തിൻ അമിഞ്ഞ മധുരം ആവോളം നുകർന്ന് വളരുന്ന കുട്ടിക്ക് ചെറുപ്പത്തിൽ അമ്മ മാത്രം മതി. എന്നാൽ മക്കൾ മുതിർന്നാലോ അമ്മയെ ഭാഗം വയ്ക്കുന്നു. ചിലർ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളെ തെരുവിലേയ്ക്ക് നിഷ്കരുണം തള്ളുന്നു.
ആശകൾ നിറയും കാലം യൗവനം
നിരാശകൾ നിറയും കാലം വാർദ്ധക്യം
ആധുനിക സംസ്കാരം അപ്പാടെ നാം ജീവിതത്തിലേക്ക് പകർത്തിയപ്പോൾ ഉപയോഗശൂന്യമായതെന്തും നശിപ്പിക്കാനും, വലിച്ചെറിയാനും പഠിച്ചു. അതിന്‍റെ ഫലമായി ഒരായുസ്സ് മുഴുവൻ നെരിപ്പോടുകളിൽ ഉമിത്തീയായ് എരിഞ്ഞുകൊണ്ട് ചൂടും ചൂരും പകർന്നുതന്ന അച്ഛനമ്മമാരുടെ ചോരയും നീരും വറ്റിയപ്പോൾ കരിമ്പിൻ ചണ്ടി കണക്കെ പലരും അവരെ പുറംതള്ളി.
കുഞ്ഞിളം കൈ മെല്ലെ പിടിച്ചമ്മ നിങ്ങളെ അമ്മ നടത്തിയപ്പോൾ, നാളെ കാഴ്ചകളില്ലാത്ത, പല്ലില്ലാത്ത, രുചിയില്ലാത്ത, ഓർമ്മയില്ലാത്ത, ഒന്നുമില്ലാത്ത അവസ്ഥയിൽ നിങ്ങളവരെ കൈപിടിച്ച് തിരികെ നടത്തുമെന്ന പ്രതീക്ഷ അവർക്കും ഉണ്ടായിരിക്കില്ലേ. വസന്തത്തിലെ പൂമ്പാറ്റകളെപ്പോലെ പാറി നടന്ന്, മക്കൾക്കും മാതാപിതാക്കൾക്കും വേണ്ടി ആയുസ്സ് മുഴുവൻ പണിയെടുത്ത് മെഴുകുതിരിപോലെ എരിഞ്ഞു പ്രകാശം പരത്തിയ അമ്മ വാർദ്ധക്യ ജീവിത ക്ലേശത്തിന്‍റെ സങ്കടകഷായം കുടിക്കുമ്പോൾ സ്നേഹ കൈനീട്ടി തിരിച്ചു നടത്തേണ്ടത് മക്കളുടെ കടമയല്ലേ?
പലർക്കും വയസ്സായ അമ്മമാർ കൈയിലിരുന്ന് കത്തുന്ന തിരിപോലെയാണ്. കത്തിത്തീരും തോറും കൈപൊള്ളും. അതിനുമുൻപേ തിരി ദൂരെ എറിയണം. അതുകൊണ്ടായിരിക്കാം ചിലർ തിരിയെറിയുന്ന ലാഘവത്തോടെ വീടിന്റെ പുറത്തെ ചായ്പ്പിലേക്കും, തെരുവിലേക്കും വയസ്സായകുമ്പോൾ നടതള്ളുന്നത്. പന്നിയുടെയോ, മറ്റു മൃഗങ്ങളുടെയോ ഹൃദയം മനുഷ്യന് യോജിക്കുമോ എന്ന് ശാസ്ത്രം പരീക്ഷിക്കുന്ന കാലമാണിന്ന്. എന്നാൽ മനുഷ്യന് വേണ്ടത് മനുഷ്യ ഹൃദയം തന്നെയാണ്.
യൗവനത്തിന്റെ വസന്തത്തിനുശേഷം വാർദ്ധക്യത്തിന്റെ ഇലപൊഴിയും കാലം നിങ്ങളേയും കാത്തിരിക്കുന്നുണ്ട്. രണ്ടാം ബാല്യമെന്ന വാർദ്ധക്യത്തിൽ ഒരിറ്റു കരുണ, സ്നേഹത്തോടെയുള്ള ഒരു തലോടൽ അതുമതി അവർക്ക്. ഇനിയും ഒരു പാലാഴി കടഞ്ഞ്, അമൃത് എടുത്ത് യുവത്വം എന്നും നിലനിറുത്തുവാനാകില്ലെന്ന് ഓരോരുത്തരും ഓർത്താൽ നന്ന്. ഒരുനാൾ നിങ്ങളുടെ തൊലിയിലും കാലം ചുളിവുകൾ വീഴ്ത്തും. മുടിയിഴകളിൽ വെള്ളിവര വരയ്ക്കും. തിരിക്കിട്ട ജീവതത്തിൽ സമയത്തിന് സ്വർണ്ണ വിലയുണ്ടെന്ന് പറയുന്ന നിങ്ങളെ നോക്കാൻ അവർക്ക് സമയമുണ്ടായിരുന്നല്ലോ, മക്കളുടെ സുഖം മാത്രം ലക്ഷ്യമാക്കി ജീവിച്ച അമ്മമാരെ വയസ്സുകാലത്ത് സംരക്ഷിക്കാതെ സന്താഷിപ്പിക്കാതെ തെരുവിലേയ്ക്ക് വലിച്ചിഴക്കുകയോ മറ്റു സദനങ്ങളിലേയ്ക്കോ മാറ്റുന്നത് എന്തിന്റെ പേരിലായാലും തെറ്റാണ് പൊറുക്കാൻ പാടില്ലാത്ത തെറ്റ്.
അമ്മദിനത്തിൽ മാത്രമല്ല അമ്മമാരേ ഓർമ്മിക്കേണ്ടത് എന്നും നെഞ്ചോട് ചേർത്തിപിടിക്കണമെന്ന സന്ദേശവുമായി ടോം കുളങ്ങര, സ്വിസ്സ് ബാബു കൂട്ടുകെട്ടിൽ പിറന്ന ഈ മനോഹരഗാനം ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളായ എല്ലാ അമ്മമാർക്കുവേണ്ടി നിറസ്നേഹത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു.
വരികൾ : ടോം കുളങ്ങര
ഈണം & ആലാപനം : സ്വിസ്സ് ബാബു
Orchestration: Jacob Koratty.
Mixing Studio: JOHN”S DIGITAL.