വിയന്ന: ഓസ്ട്രിയയുടെ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്സ്) തലവനായി വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ഷില്ട്ടന് ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലിചെയ്തിരുന്ന ഷില്ട്ടന് ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമമുഖ്യന് എന്ന വളരെ പ്രാധാന്യമുള്ള, തന്ത്രപ്രധാനമായ ചുമതലയുള്ള പദവി പെട്ടെന്ന് ലഭിക്കുകയായിരുന്നു.
വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ട്ടന്റെ നിയമനം റിപ്പോര്‍ട്ട് ചെയ്തത്. ഭരണഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്തമായാണ് സമൂഹം വീക്ഷിക്കുന്നത്. എന്താണ് ഒരാള്‍ പഠിച്ചത് എന്നതിനേക്കാള്‍ ഒരാള്‍ എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തയാറാണ് എന്നതിനാണ് പ്രാധാന്യമെന്നു ഷില്ട്ടന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിവര്‍ഷം 50 മില്യണ്‍ യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതുകൂടാതെ റിപ്പബ്ലിക്കിനെ ബാധിക്കുന്ന സുപ്രാധനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്വമാണ് 30 വയസ് പോലും തികയാത്ത ഈ ചെറുപ്പക്കാരനെ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇത് ആദ്യമാണ് ഇന്ത്യന്‍ പ്രത്യകിച്ചു മലയാളി മാതാപിതാക്കള്‍ക്ക് ജനിച്ച ഒരു വ്യക്തി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും ഉന്നതിയില്‍ സ്ഥാനം പിടിക്കുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്ട്ടന് വിദ്യാഭ്യാസകാലത്തും അസാമാന്യ പ്രതിഭ ആയിരുന്നു. സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി വിയന്ന മെര്‍ച്ചന്റ്സ് അസോസിയേഷന്റെ വക സ്വര്‍ണ്ണമോതിരത്തിനു അര്‍ഹനായി. വീനര് നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്സ്ഫോര്‍ഡ് (യുകെ), ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി (യുഎസ്), ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി (യുഎസ്) എന്നിവിടങ്ങളില്‍ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷില്ട്ടന് ജര്‍മന്‍ ഡോയ്ച്ചേ ബാങ്ക് ഉള്‍പ്പെടയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചയ്തതുകൂടാതെ 2016ല്‍ ‘സ്റ്റോറിബോര്‍ഡ് പ്രൊഡക്ഷന്‍സ്’ എന്ന പേരില്‍ ഒരു ബിസിനസും തുടങ്ങിയിരുന്നു. 2020 മുതല്‍ ഷില്ട്ടന് ഓസ്ട്രിയന്‍ ഫിനാന്‍സ് മാര്‍ക്കറ്റിന്റെ നിയന്ത്രണ കമ്മീഷനിലും അംഗമാണ്.
ചങ്ങനാശ്ശേരിയില്‍ നിന്നും ദശകങ്ങള്‍ക്കു മുമ്പ് വിയന്നയിലേക്കു താമസമാക്കിയ ഔസേപ്പച്ചന് – ലിസി പാലത്തുങ്കല്‍ ദമ്പതികളുടെ ഇളയ പുത്രനും വിവാഹിതനുമാണ് ഷില്ട്ടന്. ജ്യേഷ്ഠസഹോദരന് ഷെറിന്. ഇരുവരും വിയന്നയിലെ ആദ്യകാല മലയാളം സ്കൂള്‍ – ബാലകൈരളിയില്‍ വിദ്യാര്‍ത്ഥികളായിരുന്നു. സ്പാനിഷ് ഉള്‍പ്പെടെയുള്ള വിവിധ യുറോപിയന്‍ ഭാഷകള്‍ കൂടാതെ മാതൃഭാഷയും ഷില്ട്ടന് കൈകാര്യം ചെയ്യാന്‍ സാധിക്കും.
റിപ്പോർട്ട്: വര്‍ഗീസ് പഞ്ഞിക്കാരന്‍