Association Cultural Pravasi Switzerland

ശാലോം മിനിസ്ട്രിയുടെ ഫാ. റോയ് പാലാട്ടി CMI നയിക്കുന്ന ‘ശാലോം ടുഗെതർ ‘ ധ്യാനം 2022 ഒക്ടോബർ 15 , 16 തിയതികളിൽ സ്വിറ്റ്‌സർലണ്ടിൽ നടക്കും.

ആഗോളസഭയ്ക്ക് കരുത്തും കരുതലുമായി ദൈവമുയർത്തികൊണ്ടിരിയ്ക്കുന്ന, യൂറോപ്പിൽ സുവിശേഷത്തിന്റെ പുതുവസന്തം വിരിയിക്കുന്ന ശാലോം ശുശ്രൂഷകളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനോടനുബന്ധിച്ചു് സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ വാരാന്ത്യ ധ്യാനശുശൂഷകൾ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ ധ്യാനം ‘ശാലോം ടുഗെതർ ‘ 2022 ഒക്ടോബർ 15 , 16 തിയതികളിൽ സ്വിറ്റ്‌സർലണ്ടിലെ ഒബ്‌വാൾഡൻ പ്രവിശ്യയിലുള്ള ബെതാനിയെൻ ക്ളോസ്റ്ററിൽ വച്ച് നടക്കും. സ്വിറ്റ്സർലൻഡിൻ്റെ വിശുദ്ധൻ – സെൻ്റ് നിക്കോളാസിന്റെ ജന്മസ്ഥലവും പ്രമുഖ തീർത്ഥാടന കേന്രവുമായ ഫ്ലൂലിക്കു സമീപമുള്ള മനോഹരമായ ഒരു ഗ്രാമത്തിലാണ് ഈ ക്ളോസ്റ്റർ സ്ഥിതി ചെയ്യുന്നത്. ശാലോം സ്പിരിച്വൽ ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. റോയ് പാലാട്ടിയച്ചൻ വചനം പങ്കുവയ്ക്കുകയും ബിജു മലയാറ്റൂർ ഗാന ശുശ്രൂഷകൾ നയിക്കുകയും ചെയ്യും.

ഒരു ധ്യാനമെന്നതിനേക്കാളുപരി ജീവിതത്തിന്റെ യഥാർത്ഥ വിളിയെക്കുറിച്ചുള്ള ബോധ്യവും സമർപ്പണത്തിന്റെ ആഴവും മനസ്സിലാകുന്നു എന്നതാണ് ഈ പ്രോഗ്രാമിന്റെ വ്യത്യസ്തത. ഭൗതികതയുടെ നടുവിൽ വിശ്വാസജീവിതം നേരിടുന്ന പ്രതിസന്ധികളെ എങ്ങനെ അതിജീവിക്കാം, യൂറോപ്യൻ രാജ്യങ്ങളിൽ എങ്ങനെ ക്രിസ്തുവിന്റെ സുവിശേഷ വാഹകരാകാം, അനുദിന ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കാം, നിത്യ ജീവിതത്തിനുവേണ്ടി എങ്ങനെ ഒരുങ്ങാം എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ധ്യാനാനുഭവം കൂടിയാകും ശാലോം TOGETHER പ്രോഗ്രാം.

ഒരു കാലത്തു ക്രൈസ്തവ ആധ്യാത്മികതയുടെ ഈറ്റില്ലമായിരുന്ന യൂറോപ്പ് ഇന്ന് ലൗകികതയുടെയും വിശ്വാസത്യാഗത്തിന്റെയും മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് വളരെ വേദനാജനകമാണ്. യൂറോപ്പിലേക്കു പറിച്ചു നടപ്പെട്ട ഓരോ മലയാളി ക്രൈസ്തവനും ഈ നാടിന്റെ പുനഃസുവിശേഷവൽക്കരണത്തിൽ പങ്കാളിയാകാൻ കടമയുണ്ട്. ഈ ദൗത്യത്തെക്കുറിച് കൂടുതൽ ആഴമായ ബോധ്യം ലഭിക്കാനും ശാലോം ‘Together’ സഹായകമാകും. “നിങ്ങളെ ചിതറിച്ചിരിക്കുന്ന എല്ലാ സ്ഥങ്ങളിലും ദേശങ്ങളിലും നിന്ന് ഞാൻ നിങ്ങളെ ഒരുമിച്ചു കൂട്ടും.” (ജെറമിയാ 29:14 ) എന്നതാണ് ആപ്ത വാക്യം.

ശാലോം ടെലിവിഷൻ പ്രേക്ഷകർക്കും, വായനക്കാർക്കും, അഭ്യുദയാകാംക്ഷികൾക്കും, ശാലോം പീസ് ഫെല്ലോഷിപ്പ് അംഗങ്ങൾക്കും പുറമേ, ഏതെങ്കിലും റീത്ത്കളുടെയോ ആരാധനാക്രമങ്ങളുടെയോ വേർതിരിവുകൾ ഇല്ലാതെ, ശാലോം ശുശ്രൂഷകളോട് ചേർന്നു പ്രവർത്തിക്കുവാൻ താല്പര്യമുള്ള ഏവർക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.

For Registration & more details, visit:
👉 http://www.shalommedia.org/together/#flueliswitzerland11101

P:S – ഈ പ്രോഗ്രാം ഒക്ടോബർ 15 രാവിലെ ഒൻപതുമണി മുതൽ ഒക്ടോബർ 16 വൈകുന്നേരം 5 വരെയാണ്. മുകളിൽ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ നിന്നും എല്ലാ വിവരങ്ങളും വിശദമായി അറിയാവുന്നതാണ് (www.shalommedia.org/together/#flueliswitzerland11101) കൂടുതൽ വിവരങ്ങൾക്കും GERMAN ഭാഷയിലുള്ള ശാലോം പ്രസിദ്ധീകരണമായ SHALOM TIDINGS ആവശ്യമുള്ളവർക്കും ഫ്ളയറിൽ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.