ഇന്നലെ സാറാസ് കണ്ടു………………………….
സാമൂഹ്യ മാധ്യമങ്ങൾ ഒരു പാട് വികാരത്തോടെയും സാമൂഹിക പ്രതിബന്ധതയോടെയും ആവേശത്തോടെയും ഏറ്റെടുത്ത് കഴിഞ്ഞ ഒരു പടം. സിനിമയും,സിനിമയുടെ എല്ലാ അഭിപ്രായപ്രകടനങ്ങളും തന്നെ സ്വാഭാവികവും , മനോഹരമായിരിക്കുന്നു .
ഒരു പൂ … അത് മുരിക്കിൻ പൂവാണേലും റോസാപ്പൂവാണേലും .. ഗുണവും ഉപയോഗവും രണ്ടാണേലും … അതിൻ്റെ സൗന്ദര്യം ആസ്വദിക്കാതെ വയ്യല്ലോ? സ്വീകരിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യം.എൻ്റെ മനസ്സിൽ തോന്നിയത് കൂടെ ഒന്ന് പറയട്ടെ?
എല്ലാ സിനിമയും പോലെ തന്നെ സാറാസും – ഒരു വ്യക്തിയുടെ – അയാളുടെ മാത്രം – അഭിപ്രായങ്ങളുടെയും ചിന്താരീതികളുടെയും ദൃശ്യാവിഷ്കാരമാണ്. അതിൽ അഭിനയിക്കുന്നവർക്കു പോലും, അവർ അഭിനയിച്ചു ഫലിപ്പിക്കുന്ന ,ആ ഒരു വ്യക്തിത്വത്തെ മാറ്റാൻ അവകാശമില്ല. കാണുന്നവർക്കത് അസാധ്യവും ആണ്.ഏതൊരു കലാവിഷ്കാരത്തെയും ആ ഒരു വികാരത്തോടെ വേണം ജനം സമീപിക്കാൻ… എൻ്റെ ആശയങ്ങളോ ആവശ്യങ്ങളോ അല്ല ഞാൻ കാശ് കൊടുത്ത് കാണാൻ പോകുന്നത്. കണ്ട ശേഷം കാശ് പോയീട്ടാ എന്ന് തോന്നുന്ന എത്രയോ സിനിമകൾ നമ്മൾ കണ്ടിരിക്കുന്നു അല്ലേ? നാം ആരുടെ മകനായി മകളായി ജനിക്കണം എന്ന് തിരഞ്ഞെടുക്കാൻ , നമ്മുക്കവകാശമില്ലാത്തത് പോലെ തന്നെ ..
..
പിന്നെ ഒരോ കലാസൃഷ്ടിയും സമൂഹത്തിന് എന്ത് സന്ദേശം കൊടുക്കണം എന്നത് ,അതിൻ്റെ സൃഷ്ടികർത്താവിൻ്റെ സംസ്കാരവും,അയാളുടെ സ്വാതന്ത്ര്യവും മാത്രമാണ് .കാരണം വിതച്ചതേ കൊയ്യൂ…കർമ്മഫലം …അതാണല്ലോ പ്രകൃതി പഠിപ്പിക്കുന്നത്. എന്നു വച്ചാൽ വിതയ്ക്കുന്നവനൊരു പ്രതിബന്ധതയുണ്ടെന്ന് സാരം.
പ്രിയ സംവിധായകനോടൊരു അറിവ് പങ്കുവയ്ക്കാൻ ധൈര്യമെടുക്കുകയാണ്.ഒരിക്കലെങ്കിലും അബോർഷൻ കഴിഞ്ഞ സ്ത്രീയെ അല്ല, ചെയ്യപ്പെട്ട ജീവനെ ഒന്നു പോയി കാണണം. ഞാനൊരു നഴ്സാണ് ,25 വർഷമായി ഈ തൊഴിൽ രംഗത്ത്.ഒരിക്കലും ഒരു മനപ്പൂർവ്വമായ അബോർഷന് സഹായിക്കേണ്ടി വന്നിട്ടില്ല, പക്ഷെ അതെങ്ങിനെയാണെന്ന് കണ്ടിട്ടുണ്ട്. നിസ്സഹായനായ ഒരു ജീവനെ കൈയ്യും കാലും തലയും ജീവനോടെ മുറിച്ച് കൊന്ന് പുറത്തെടുക്കുന്നതിനെ ,അല്ലെങ്കിൽ അതിൻ്റെ ജീവശ്വാസം മുറിച്ച് കളഞ്ഞ് കൊന്ന് പുറത്തെടുക്കുന്നതിനെയാണ് ദാ പറഞ്ഞ പേരിട്ട് വിളിക്കുന്നത്.
പ്രിയ സുഹൃത്തേ നിങ്ങൾക്ക് മക്കളോ ,മാതാപിതാക്കളോ, പ്രിയപ്പെട്ടവരോ ,അല്ലാത്തവരോ ആയ ആരെയെങ്കിലും നമുക്കിഷ്ടമല്ല ,ശല്യമാണ് ,തടസ്സമാണ് എന്ന ഒറ്റക്കാരണത്താൽ കൈയ്യും കാലും വെട്ടി കൊന്നു ഒഴിവാക്കാൻ പറ്റുമോ?എങ്കിൽ പിന്നെ ഒന്ന് ഉറക്കെ കരയാൻ പോലും പറ്റാത്ത ഒരു ജീവനോട് എങ്ങിനെ ഇങ്ങനെ ചെയ്യാൻ പറ്റുന്നു? ഒന്നേ ഉള്ളൂ ഉത്തരം അ ജീവന് സ്വയം പ്രതികരിക്കാൻ അറിയില്ല ,പറ്റില്ല…. എന്നതു തന്നെ.ജീവൻ ഉണ്ടാക്കിയതിന് ഉത്തരവാദി ആ ജീവനല്ല എന്നതാണ് അതിലേറെ ദു:ഖകരം.ഉണ്ടാക്കി തല്ലിപ്പൊട്ടിച്ചു കളഞ്ഞ് രസിക്കാൻ അത് മൺചട്ടികളല്ല ,ഉണ്ടാക്കുന്നവർ ഭ്രാന്തന്മാരും അല്ല .അതുമല്ലെങ്കിൽ അതൊരു ജീവനാണ് എന്ന് അറിയാത്തത് കൊണ്ടാണോ?
ആറടി നീളത്തിലും വീതിയിലും ഇന്ന് എത്തി നില്ക്കുന്ന നമ്മക്കും അങ്ങനെയൊരു ജീവൻ്റെ കാലം ഉണ്ടായിരുന്നു സുഹൃത്തേ .കണ്ടിട്ടില്ല, ഓർമ്മയില്ല എന്ന ഒറ്റക്കാരണത്താൽ അത് സത്യം അല്ലാതാവുന്നില്ല.കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ .ബൈബിൾ .ഒരു പക്ഷെ ഒരു ജീവൻ ഉണർത്താതെ നോക്കു .. ഇന്നത്തെ ശാസ്ത്രം അതിനൊക്കെ എത്രമാത്രം എളുപ്പവഴികൾ തന്നിട്ടുണ്ട്. അതല്ലേ മറ്റേ ദതിനേക്കാൾ നല്ലത്?
പിന്നെ സിനിമ പറഞ്ഞു തരുന്ന ഒരു പാട് ന്യൂ ജെൻ ട്രെൻഡുൾ കണ്ടു….ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ഭാര്യ ഭർത്താക്കന്മാർ …ഞങ്ങൾ സ്വിറ്റ്സർലാൻഡിൽ പതിറ്റാണ്ടുകളായി ജീവിക്കുന്നവരാണ്… ഇവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക് പോലും അറിയാം ,വീട്ടിൽ വിരുന്നുകാരോ മറ്റോ വരുമ്പോൾ അവരുടെ മുന്നിൽ എങ്ങിനെ വസ്ത്രധാരണം ചെയ്യണം എന്ന്….സ്വാതന്ത്ര്യത്തിൻ്റെ പേരിൽ മക്കൾക്ക് , തലമുറകൾക്ക് ,തെറ്റും ശരിയും പറഞ്ഞ് കൊടുക്കാൻ മടിക്കുന്ന മതാപിതാക്കൾ ….ഇതെല്ലാം ഈ സിനിമയുടെ സംഭാവനകൾ തന്നെയാണ്.കഷ്ടം .ഒന്ന് പറയട്ടെ … പണ്ടേതോ സിനിമയിൽ കേട്ട ഡയലോഗാണ്….എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.
അസമയത്ത് ചെയ്യാൻ ശ്രമിക്കുന്നതിലെല്ലാം ഒരു അസ്വഭാവികത ഉണ്ട്, അത് വികസനമാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നവർ ,അവർ എല്ലാക്കാലത്തും ഉണ്ടായിരിന്നു…അത്തരം തലച്ചോറുകളുടെ സൃഷ്ടികൾ .. അത് കലയോ രാഷ്ട്രീയമോ മതപരമോ സാമൂഹികമോ.. എന്തുമാകട്ടെ
ലോകത്തിൻ്റെ ഗതിയെ തന്നെ നന്മയിലേയ്ക്കും നാശത്തിയേക്കും നയിച്ചിട്ടുണ്ട് എന്നത് ലോക ചരിത്രം .എന്ന് വച്ച് ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ഭാര്യാ ഭർത്താക്കന്മാരും കുട്ടി നിക്കറിട്ട് പുറത്തും അകത്തും നടക്കുന്ന മുതിർന്നവർ പോലും മക്കളെ തെറ്റേത് ശരിയേത് എന്ന് പറഞ്ഞ് കൊടുത്ത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്ന മാതാപിതാക്കളും എല്ലാം ഉണ്ട് എന്നത് സത്യം തന്നെയാണ്.. പക്ഷെ എല്ലാം തുറന്ന് കാണിക്കുമ്പോഴും ചിലതൊക്കെ മാന്യമായി അടച്ചു വയ്ക്കുന്നതിനെ ഇന്നും എവിടെയും നല്ലതെന്നും നന്മയെന്നും തന്നെയാണ് പറയുക.എന്തിനും ഒരു സ്വകാര്യതയുടെ ഭംഗി ഉണ്ട്…ഒരു പൂവിന് മുട്ടായിരിക്കുന്ന അവസ്ഥ പോലെ ..ഒരു കറിയ്ക്ക് അടച്ചു വേവേണ്ട സമയം പോലെ…ഒരു മഴയ്ക്ക് കാറ് വന്ന് മൂടുന്ന പോലെ …പിന്നെ ആ സിനിമയിൽ പറഞ്ഞു വയ്ക്കാൻ ഉദ്ദേശിച്ച ആ ഒരു വ്യക്തി സ്വാതന്ത്ര്യം ,ദാ പറഞ്ഞ വലിയ കാര്യം ..
ആ മിണ്ടാപ്രാണിക്ക് കൊല്ലപ്പെട്ട കുഞ്ഞിന് വേണ്ടായിരിക്കും അല്ലേ?കുടുബങ്ങൾ adjustments ഉം
acceptance കളും നിറഞ്ഞതാണ്…അതില്ലാതെ സ്വന്തം സ്വാതന്ത്ര്യങ്ങൾ മാത്രം വിലപ്പെട്ടതായി കാണുന്നവർ … അവർക്കും ജീവിക്കാൻ അവകാശവും സ്വാതന്ത്ര്യവും ഉണ്ട് … പക്ഷെ ഒറ്റയ്ക്കായിരിക്കുക … കൂട്ടത്തിലാവുമ്പോൾ നിങ്ങളുടെ സ്വാതന്ത്ര്യം മൂലം നിങ്ങൾ വേദനിപ്പിക്കുന്നവരും നിങ്ങളെ പ്രതി വേദനിക്കുന്നവരും നിങ്ങളുടെ സ്വതന്ത്ര്യത്തേക്കാൾ അധികമാണ്…
സാറ എന്ന ഒരാളുടെ പിടിവാശിക്കു മുന്നിൽ എത്ര മനുഷ്യബന്ധങ്ങൾ നിശബ്ദമായി കരഞ്ഞു…ശേഷം അവർ കാണിച്ച എല്ലാ സന്തോഷ പ്രകടനങ്ങളും തന്നിഷ്ടക്കാരിയായ ഒരാളോട് അവർ കാണിച്ച സഹനങ്ങൾ മാത്രമാണ്. അത് സാറയുടെ പരാജയവും കൂടെ നിന്നവരുടെ സഹന വിജയവും മാത്രമാണെന്ന്ഉ റക്കെ പ്പറയട്ടെ…. കാരണം വെളിച്ചം കാണാതെ പോയ ആ ജന്മത്തിന് ഉത്തരം കിട്ടും വരെ ആ ആത്മാവ് ഇവിടെ ഒക്കെ ത്തന്നെ ക്കാണും…ആ ഒരു കുഞ്ഞ് കൂടി വന്നത് കൊണ്ട് സാറയുടെ ജീവിതം തീർന്നുപ്പോകില്ലായിരുന്നു… പിന്നെ സിനിമ പോലെ ശുഭപര്യവസാനികളല്ല ഒറിജിനൽ ജീവിതങ്ങൾ…..കാരണം സിനിമ സംവിധാനം ചെയ്തവനല്ലല്ലോ ജീവിതങ്ങൾ സംവിധാനം ചെയ്യുന്നവൻ…ആശംസകളോടെ….