Pravasi

മനുഷ്യസ്നേഹത്തിന്റെ നിറകുടമായി, ഒരായിരം ഓർമകൾ സമ്മാനിച്ച എൻ്റെ മാണി സാർ …ജോജോ വിച്ചാട്ട്

പാലായുടെ മാണിക്യം , .. നമ്മുടെ പ്രിയങ്കരനായ മാണിസാർ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം .കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിന്ന അപൂർവ്വ വ്യക്തിത്വം .

എന്നെ രാഷട്രീയത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന മാണിസാറെന്ന രാഷ്ട്രീയ ചാണക്യനോട് , ഒന്നര പതിറ്റാണ്ടോളം എന്നുമെന്നും കൂടെ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായി ഞാൻ കരുതുന്നു . ജീവിതകാലം മുഴുവൻ അഭിമാനത്തോടെ ഓർക്കാൻ ഒരായിരം ഓർമകൾ.

മനുഷ്യസ്നേഹത്തിന്റെ നിറകുടമായിരുന്നു ആ മനസ്സ്. ആരെയും വെറുത്തില്ല. ആരോടും പക വെച്ചു പുലർത്തിയില്ല. ജീവിതകാലം മുഴുവൻ തന്നെ എതിർത്തവരെപ്പോലും, സഹായം തേടി വന്നപ്പോൾ കൈയയച്ച് സഹായിച്ചു, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അധികാരത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴും അഹങ്കാരമോ ധാർഷ്ട്യമോ ഇല്ലാതെ എല്ലാവരെയും നിറപുഞ്ചിരിയോടെ ചേർത്തുപിടിച്ചു.
രാഷ്ട്രീയമായും വ്യക്തിപരമായും കടുത്ത ആക്രമണങ്ങൾ നേരിടേണ്ടി വന്നപ്പോഴും ആർക്കെതിരെയും വ്യക്തിപരമായി ഒരക്ഷരവും പറഞ്ഞില്ല. പറയരുതെന്ന് സഹപ്രവർത്തകരെ വിലക്കുകയും ചെയ്തു. പി.ജെ.ജോസഫ് സാർ എതിർചേരിയിലായിരിക്കെ അപവാദച്ചുഴിയിൽപ്പെട്ടപ്പോൾ അദ്ദേഹത്തിനെതിരെ ഒരു വാക്കുപോലും പറയരുതെന്ന് അണികൾക്ക് മാണി സാർ കർശനനിർദ്ദേശം നൽകിയതോർക്കുന്നു. എന്നാൽ അദ്ദേഹത്തിനൊരു പ്രതിസന്ധി വന്നപ്പോൾ പലരും അതൊരവസരമാക്കി ഉപയോഗിച്ചതും അദ്ദേഹം നിസ്സംഗതയോടെ കണ്ടു. വിവാദങ്ങളുടെ സമയത്ത് തന്നെ കടന്നാക്രമിക്കുവാൻ മുന്നിൽ നിന്ന രാഷ്ട്രിയ എതിരാളിയുടെ മകൾക്ക് അഡ്മിഷനും ഫീസിളവും വാങ്ങി നൽകി മടക്കി അയച്ച മാണിസാറിനെ ആദരവോടെയല്ലാതെ ആർക്കാണ് കാണാൻ കഴിയുക .

പാലാ എന്നും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. പാലായ്ക്കുവേണ്ടി ഇനിയും എന്തു ചെയ്യാം എന്നായിരുന്നു ഓരോ ദിവസവും അദ്ദേഹത്തിന്റെ ആലോചന. പാലാക്കാരെല്ലാം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായിരുന്നു. അവരുടെ സുഖദു:ഖങ്ങളിലെല്ലാം മാണിസാറിന്റെ സാന്നിധ്യവും പ്രാർഥനയുമുണ്ടായിരുന്നു. മുതിർന്ന പാർട്ടിപ്രവർത്തകരെയും അസുഖബാധിതരായിക്കിട ക്കുന്നവരെയുമൊക്കെ വീട്ടിൽപ്പോയിക്കാണാനും സഹായിക്കാനും അദ്ദേഹം ഏപ്പോഴും ശ്രദ്ധിച്ചു .എത്ര തിരക്കിലും കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലിൽ കുറവുവരുത്തിയില്ല.
നൂതനമായ ജനക്ഷേമ പദ്ധതികളിൽക്കൂടി ജനഹൃദയങ്ങൾ കീഴടക്കിയ ആ നേതാവിൻ്റെ , സ്നേഹവാത്സല്യത്തോടെയുള്ള വിച്ചാടാ …. എന്ന ആ വിളി , ഇന്നും മനസ്സിൻ്റെ നെരിപ്പോടിൽ നീറുന്ന ഓർമ്മയായി കുടികൊള്ളുന്നു . മഹാനായ ആ മനുഷ്യ സ്നേഹിയുടെ ഓർമ്മകൾക്കു മുന്നിൽ എൻ്റെ കണ്ണീർ പ്രണാമം ..