ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു.
കഴിഞ്ഞ മാസം ആദ്യവാരത്തിൽ; പാലക്കാട് ജില്ലയിൽപെട്ട അട്ടപ്പാടിയിലെ മുക്കാലിയിൽ, ഒരു നിർദ്ധനകുടുംബത്തിനായി പുതിയ വീട് നിർമ്മാണം പൂർത്തിയാക്കി കൈമാറിയിരുന്നു.. 750 ചതുരശ്ര അടിയിൽ രണ്ടു കിടപ്പു മുറികളും അടുക്കളയുമുള്ള അടച്ചുറപ്പുള്ള ഒരു വീട് പുതുവർഷത്തിൽ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് അപ്പനും അമ്മയും രണ്ടുകുട്ടികളുമുള്ള നാലംഗകുടുംബം.
2021 ഡിസംബറിൽ, സ്വിറ്റ്സർലന്റിലെ ആൽപ്സ് താഴ്വരയിലുള്ള ഒരു അഭയാർത്ഥി ക്യാമ്പിലെ അന്തേവാസികൾക്ക്, ശീതകാലത്ത് ആവശ്യമായ മുഴുവൻ വസ്ത്രങ്ങളും സംഘടനാ പ്രവർത്തകർ സമാഹരിച്ചു നൽകിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയോടെ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി മുന്നൂറോളം കുട്ടികൾക്ക് ഉപരിവിദ്യാഭ്യാസ സഹായങ്ങൾ എത്തിക്കുവാൻ സാധിച്ചതും, മിസോറാമിൽ പുരോഗമിക്കുന്ന നാലാമത്തെ സ്കൂളിന്റെ നിർമ്മാണവും കൂടാതെ, ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിൽ സംഘടനയുടെ ജീവകാരുണ്യ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതും ഈവർഷത്തെ പ്രവർത്തനങ്ങളെ തിളക്കമുള്ളതാക്കി. ഡിസംബർ 19 നു നടത്തപ്പെട്ട വാർഷിക പൊതുയോഗത്തിൽ നിലവിലുള്ള കമ്മറ്റിയെത്തന്നെ അടുത്ത പ്രവർത്തനകാലത്തേക്ക് തുടരുവാനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തിരുന്നു.
ന്യൂസ് ഡെസ്ക്, ലൈറ്റ് ഇൻ ലൈഫ്.